
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ (Covid Pandemic) പശ്ചാത്തലത്തിൽ പിഎസ്‍സി പരീക്ഷകളും (PSC Exam) അഭിമുഖവും മാറ്റി. ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഫെബ്രുവരി 18 വരെ ഉള്ള അഭിമുഖങ്ങളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പബ്ളിക് സർവ്വീസ് കമ്മീഷൻ അറിയിച്ചു. ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ് സി പരീക്ഷകളും മാറ്റിവെച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പിഎസ് സി വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാർത്താക്കുറിപ്പിൽ അറിയിച്ചു.