രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരിന്റേത്: കാനം രാജേന്ദ്രൻ

By Web TeamFirst Published Jan 24, 2022, 4:59 PM IST
Highlights

ഒരു കാരണവശാലും പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിവയെന്നും അതാണ് റദ്ദാക്കാൻ കാരണമെന്നുമാണ് കാനത്തിന്റെ വിശദീകരണം

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം 2019 ൽ ഒന്നാം പിണറായി സർക്കാരാണ് കൈക്കൊണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019 ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്തതാണെന്ന മുതിർന്ന നേതാവ് കെഇ ഇസ്മായിലിന്റെ നിലപാടിനെയും തള്ളുന്നു. 

ഒരു കാരണവശാലും പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിവയെന്നും അതാണ് റദ്ദാക്കാൻ കാരണമെന്നുമാണ് കാനത്തിന്റെ വിശദീകരണം. സിപിഐ ജില്ലാ സെക്രട്ടറിയുടെ ആശങ്ക  സർക്കാർ ഉത്തരവ് വായിച്ചാൽ തീരുന്നതാണെന്നും കാനം വ്യക്തമാക്കി. പത്തനംതിട്ടയിലെ സിപിഎം - സിപിഐ തർക്കം ജില്ലാ നേതൃത്വത്തിന് പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടയ വിവാദത്തിൽ ഭിന്നത

രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിനെ ചൊല്ലി എൽഡിഎഫിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. മൂന്നാറിലെ സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നാണ് മുൻ മന്ത്രി എംഎം മണി വെല്ലുവിളിച്ചത്. പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെന്ന് പറഞ്ഞ് മുൻ റവന്യുമന്ത്രിയും സിപിഐ നേതാവുമായ കെഇ ഇസ്മായിലും ഉത്തരവിനെ എതിർത്തു. രവീന്ദ്രൻ പട്ടയം നൽകിയത് ഇടത് സർക്കാറിന് പറ്റിയ പിഴവാണെന്നും അത് തിരുത്തുകയാണെന്നും സിപിഎം ഓഫീസിൻറെ പേരിൽ അനാവശ്യ വിവാദം വേണ്ടെന്നും റവന്യുമന്ത്രി കെ രാജൻ പ്രതികരിച്ചു. എൽഡിഎഫ് തീരുമാനപ്രകാരമാണ് ഉത്തരവെന്നായിരുന്നു കോടിയേരിയുടേയും സിപിഐ സംസ്ഥാന നേതൃത്വത്തിൻറെയും വിശദീകരണം.

സർക്കാർ ഉത്തരവിനെ ഇടുക്കിയിലെ സിപിഎം-സിപിഐ നേതാക്കൾ ഒറ്റക്കെട്ടായി പരസ്യമായി ചോദ്യം ചെയ്യുന്നുണ്ട്. എംഎം മണിക്ക് നൽകിയ പട്ടയഭൂമിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസാണ് എല്ലാകാലത്തെന്നപോലെ ഇപ്പോഴും മണിയുടെ പ്രശ്നം. പാർട്ടിയിലെ വിഭാഗീതയക്ക് കൂടി ആക്കം കൂട്ടിയാണ് സിപിഐയിലെ പട്ടയ തർക്കം. പട്ടയം നൽകുന്ന സമയത്ത് റവന്യുമന്ത്രിയായിരുന്ന കെഇ ഇസ്മായിൽ, ഇപ്പോഴത്തെ റവന്യു ഉത്തരവിനെ വിമർശിക്കുന്നു. പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് ഉത്തരവെന്ന ഗുരുതര ആക്ഷേപം ഉയർത്തി കാനത്തെയും റവന്യുവകുപ്പിനെയും സംശയത്തിന്റെ നിഴലിലാക്കുകയാണ് ഇസ്മായിൽ ചെയ്തത്.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനും സ്വന്തം വകുപ്പിനെ തള്ളി. ഇസ്മായിൽ അടങ്ങുന്ന 99ലെ ഇടത് സ‍ർക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നു രവീന്ദ്രൻ പട്ടയമെന്നാണ് റവന്യുമന്ത്രി കെ രാജന്റെ നിലപാട്. അന്നത്തെ തെറ്റ് തിരുത്താൻ തീരുമാനമെടുത്തത് എൽഡിഎഫാണ്. ഒരു ഉപകാരവുമില്ലാത്ത പട്ടയം റദ്ദാക്കി അർഹർക്ക് വീണ്ടും പട്ടയം നൽകലാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എംഎം മണിയോട് ഏറ്റുമുട്ടുന്നില്ലെങ്കിലും സിപിഎം ഓഫീസിന് അർഹതയുള്ളത് കൊണ്ടല്ലേ പട്ടയം കിട്ടിയതെന്നാണ് രാജൻറെ ചോദ്യം. മണി കൂടി അംഗമായ ഒന്നാം പിണറായി സർക്കാർ എടുത്ത തീരുമാനത്തിൻറെ തുടർച്ചയാണ് പട്ടയം റദ്ദാക്കലെന്നാണ് സിപിഐ സംസ്ഥാന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മണിയുടെ ആശങ്ക തീർക്കുമെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്ലാം മുന്നണി തീരുമാനമാണെന്നാണ് വിശദീകരിച്ചത്.

മൂന്നാറിലെ സിപിഐ ഓഫീസ് പികെവിയുടെ പേരിലെ പട്ടയഭൂമിയിലായിരുന്നു. നേരത്തെ ഭൂമി വിവാദം കത്തിയപ്പോൾ പാർട്ടി അപേക്ഷയിൽ പട്ടയം റദ്ദാക്കിയിരുന്നു. പുതിയ അപേക്ഷ സർക്കാർ പരിഗണനയിലിരിക്കെയാണ് സിപിഎം ഓഫീസ് ഉൾപ്പെടുന്ന രവീന്ദ്രൻ പട്ടയങ്ങൾ വീണ്ടും വിവാദമാകുന്നത്. അർഹരായവർക്ക് വീണ്ടും പട്ടയം നൽകുമെന്ന് പറയുമ്പോഴും വീടിനും കൃഷിക്കും അനുവദിച്ച പട്ടയഭൂമിയിലെ പാർട്ടി ഓഫീസുകൾക്ക് എങ്ങിനെ പുതിയ പട്ടയം നൽകുമെന്ന സംശയം ബാക്കിയാണ്.

click me!