
തിരുവനന്തപുരം: നിയമന വിവാദത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ലാസ്റ്റ് ഗ്രേഡ്. സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരുടെ അനിശ്ചിതകാല സമരം പതിനേഴ് ദിവസം പിന്നിടുന്നു. ഇരുപതാം തീയതിക്കുള്ളിൽ തീരുമാനം ആയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. പിൻവാതിൽ നിയമനങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാർ പിൻവാതിൽ അടയ്ക്കും വരെ സമരമെന്ന് ഉദ്യോഗാർത്ഥികൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം സമരത്തെ വിമർശിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഇപി ജയരാജൻ രംഗത്തെത്തിയിരുന്നു. റാങ്ക്ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവുമാണെന്നായിരുന്നു മന്ത്രിയുടെ വാദം. 10 വര്‍ഷത്തിലധികം പണിയെടുത്തവരെ പ്രെട്രോളൊഴിച്ച് കത്തിക്കണോയെന്നും ഇ പി ചോദിച്ചിരുന്നു.
അതേസമയം സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലാണ്. യൂത്ത് കോൺഗ്രസടക്കമുള്ള യുവജനസംഘടനകളും സമരപന്തലിലുണ്ട്. സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ആക്രമാസക്തമായിരുന്നു. സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെ തോർത്തുടുത്ത് വായ് മൂടി കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam