
കോട്ടയം: മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനം ഇന്ന് വരാനിരിക്കെ എൻസിപി ഔദ്യോഗികമായി മുന്നണി മാറ്റം നടത്തുമോയെന്നതാണ് അറിയാനുള്ളത്. കാപ്പൻ എന്തായാലും മുന്നണി മാറുമെന്നുറപ്പിച്ചിരിക്കെ എൻസിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ശരദ് പവാറുമായി പ്രഫുൽ പട്ടേൽ ദില്ലിയിൽ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും. മുന്നണി മാറ്റത്തിലെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടെന്ന് സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു. എ കെ ശശീന്ദ്രന്‍റെ എതിർപ്പിനിടെ പ്രഫുൽ പട്ടേൽ എൻ സി പിയുടെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമ്പോൾ അത് എന്താകുമെന്നറിയാൻ കേരളം ഉറ്റുനോക്കുകയാണ്.
സിറ്റിംഗ് സീറ്റായ പാലാ എന്‍സിപിക്ക് നൽകില്ലെന്ന സൂചന മൂഖ്യമന്ത്രി നൽകിയതോടെയാണ് മുന്നണിമാറ്റം വീണ്ടും സജീവ ചർച്ചയായത്. പാലായിൽ മത്സരിക്കുമെന്ന് ഇന്നലെയും മാണി സി കാപ്പൻ ഉറപ്പിച്ച് പറഞ്ഞിരുന്നു. ശരദ് പവാറിന്‍റെ ജൻപഥിലെ വസതിയിൽ ഇന്നലെ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭ പ്രതീക്ഷിക്കേണ്ടെന്നും കാപ്പന്‍ ശരദ് പവാറിനെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ എ കെ ശശീന്ദ്രന്‍ മുന്നണിമാറ്റത്തിന് എതിരാണ്. പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തോട് താല്‍പര്യമില്ലെന്നും, പുനരാലോചനകള്‍ വേണമെന്നുമാണ് ശശീന്ദ്രന്‍റെ ആവശ്യം.
അതേസമയം മാണി സി കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കഴിഞ്ഞു. എൻസിപി നിർണായക തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പൻ കോൺഗ്രസിലേക്ക് വന്നാലും സന്തോഷമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചത്. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കുമെന്നും മുല്ലപ്പളളി പറഞ്ഞുവച്ചു.
ഇന്ന് പ്രഖ്യാപനമുണ്ടായാൽ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ അണികൾക്കൊപ്പം യുഡിഎഫിന്‍റെ ഭാഗമാകും. അങ്ങനെയെങ്കിൽ കാപ്പന്‍റെ യുഡിഎഫ് പ്രവേശനം ആഘോഷമാക്കാനാണ് കോണ്‍ഗ്രസിന്‍റെയും എൻസിപി കോട്ടയം ജില്ലാ കമ്മറ്റിയുടെയും നീക്കം. പാലാ ബ്ലോക്ക് കമ്മറ്റിയാണ് സ്വീകരണ ചടങ്ങുകൾക്ക് തയ്യാറെടുപ്പുകൾ നടത്തുന്നത്. ക്രമീകരണങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള നോട്ടീസ് തയ്യാറാക്കി നേതാക്കൾക്ക് എത്തിച്ചു കഴിഞ്ഞു. ഇത് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെയാണ് ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്നത്. ഒമ്പതരയ്ക്ക് ആർവി പാർക്കിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എൻസിപിയുടെ റാലി ആരംഭിക്കും. തുറന്ന വാഹനത്തിൽ മുന്നിൽ കാപ്പനുണ്ടാകും. ആയിരത്തോളം പ്രർത്തകരും നൂറിലധികം ബൈക്കുകളുമുണ്ടാകും. നഗരം ചുറ്റിയ ശേഷം കുരിശുപള്ളിക്കു സമീപം വച്ച് ഐശ്വര്യ കേരള യാത്രയുടെ ഭാഗമാകും. രമേശ് ചെന്നിത്തലയും, ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ ഇതേ സമയം വേദിയിലുണ്ടാകും.
യുഡിഎഫ് നേതാക്കളുമായി ആലോചിച്ചാണ് സ്വീകരണ ചടങ്ങ് ക്രമീകരിച്ചിട്ടുള്ളതെന്നാണ് വിവരം. യാത്രക്ക് ആശംസ അറിയിച്ച് എൻസിപി എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. എൽഡിഎഫ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് പരമാവധി നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കവും കാപ്പനും സംഘവും നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam