സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Published : Aug 02, 2022, 03:40 PM ISTUpdated : Aug 02, 2022, 04:09 PM IST
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Synopsis

പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

കോഴിക്കോട്/ ആലപ്പുഴ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് തൃശൂർ കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Also Read: അടുത്ത 3 ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം; 3 നദികളിൽ പ്രളയ മുന്നറിയിപ്പെന്ന് കേന്ദ്ര ജല കമ്മീഷൻ

ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രത തുടരുകയാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള, പെങ്ങൾക്കൂത്ത് ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കെഎസ്‌ഇബിയുടെ വലിയ ഡാമുകളിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ, പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ പന്ത്രണ്ട് മണിക്ക് തുറന്നു. പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. പോത്തുണ്ടി പുഴയുടെ തീരത്ത് ഉള്ളവരും കുന്തിപ്പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ