ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ്ങ് റൂമിലുള്ള ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്ത് എടുത്ത് പരിശോധിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ്ങ് റൂമിലുള്ള ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്ത് എടുത്ത് പരിശോധിച്ചു. അതിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ സംബന്ധിച്ചും പരിശോധന ഉണ്ടാകും. അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികൾ ആണ് പ്രധാനമായും പരിശോധിക്കുന്നത് ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ നിർണായക വിവരങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പദ്മകുമാര്‍ ഉള്‍പ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പദ്മകുമാറിനു പുറമേ മുരാരി ബാബു, ഗോവര്‍ധന്‍ എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് ഉത്തരവ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാണ് വിധി പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ദ്വാരപാലകശില്‍പ്പപ്പാളി കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ലാത്തതിനാലാണ് പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കട്ടിളപാളി കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ പോറ്റി ജയിലില്‍ തുടരുകയാണ്.


