കേരളത്തിൽ കാലവർഷമെത്തി, മഴക്കെടുതിയും തുടങ്ങി, മഴയും കാറ്റും ശക്തം, വീടുകൾ തകർന്നു, ജാഗ്രതാ നിർദ്ദേശം

Published : May 24, 2025, 12:47 PM ISTUpdated : May 24, 2025, 12:48 PM IST
കേരളത്തിൽ കാലവർഷമെത്തി, മഴക്കെടുതിയും തുടങ്ങി, മഴയും കാറ്റും ശക്തം, വീടുകൾ തകർന്നു, ജാഗ്രതാ നിർദ്ദേശം

Synopsis

തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലെ കുറ്റൻ മരം കടപുഴകി വീണു. ശക്തമായ കാറ്റിൽ കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻറെ മേൽക്കൂര തകർന്നു. 

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയിൽ പരക്കെ നാശ നഷ്ടം. സാധാരണയിലും എട്ട് ദിവസം മുന്നേ കാലവർഷം കേരളത്തിലെത്തിയതോടെ മഴ ശക്തമായി. ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകിവീണ്  അപകടങ്ങളുണ്ടായി. 

കനത്തമഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങൾ വ്യാപകമായി കടപുഴകി വീടുകൾക്ക് അടക്കം കേടുപാടുകൾ പറ്റി. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലെ കുറ്റൻ മരം കടപുഴകി വീണു. ശക്തമായ കാറ്റിൽ കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻറെ മേൽക്കൂര തകർന്നു.

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി കനത്ത കാറ്റും മഴയും ഉണ്ടായത് അര മണിക്കൂർ മാത്രമായിരുന്നു. പക്ഷെ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളയമ്പലത്ത് രാജ്ഭവന് മുന്നിൽ ഉള്‍പ്പെടെ, പ്രധാന റോഡുകളിലെല്ലാം മരങ്ങൾ കടപുഴകി. പ്രസ്ക്ലബിന് മുന്നിലെ കൂറ്റൻ മരവും ഫോർട്ട് ആശുപത്രിക്ക് സമീപത്തെ വലിയമരവും കടപുഴകി വീണു. ഗ്രീൻ ഫീല്ഡ് സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്തെ മേല്‍ക്കൂര കാറ്റിൽ തകര്‍ന്നു. നെയ്യാറ്റിൻകരയിൽ മരങ്ങൾ വീണ് പെരുമ്പഴുതൂർ സ്വദേശി സുനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. പെരുമ്പഴുതൂർ സ്വദേശി ജയന്റെ 100 ഓളം കുലച്ച വാഴ കാറ്റിൽ ഒടിഞ്ഞു വീണു. അണ്ടൂർക്കോണം പഞ്ചായത്തിൽ വൻ കൃഷി നാശം ഉണ്ടായിട്ടുണ്ട്.

കൊല്ലത്ത് നഗര പ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലയിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. രാത്രിയുണ്ടായ മഴയിലും കാറ്റിലും പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിലേക്ക് മരം വീണു. ഐക്കരക്കോണം സ്വദേശി വിശ്വംഭരന്റെ വീടാണ് തകർന്നത്.  മേൽക്കൂരയും വീട്ടിലെ ഉപകരണങ്ങളും നശിച്ചു. വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലുംആർക്കും പരിക്കില്ല. അഞ്ചൽ  ഇടമുളയ്ക്കലിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. പലയിടങ്ങളിലും മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം തകരാറിലായി. 

കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് ആണെങ്കിലും അതിശക്ത മഴയില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നു. ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദേശിച്ചു.  മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ കരുതിയിരിക്കണം എന്ന് മുന്നറിയിപ്പുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി