കനത്ത മഴ തുടരുന്നു, അടുത്ത മൂന്ന് ദിവസം റവന്യൂ ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല, മുൻകരുതലുകളുമായി സർക്കാർ

Published : Jun 26, 2025, 07:52 PM IST
Kerala Rains

Synopsis

വന്യൂ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലോ അധികാരപരിതിക്കുള്ളിലോ ക്യാമ്പ് ചെയ്യണമെന്നാണ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. 

തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കി. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കാൻ പാടില്ലന്ന് സർക്കാർ ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലോ അധികാരപരിതിക്കുള്ളിലോ ക്യാമ്പ് ചെയ്യണമെന്നാണ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. 

കേരളത്തിൽ നിലവിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. എല്ലാ ദിവസങ്ങളും ഡിഡിഎം യോഗം ചേരും. റവന്യൂ ഉദ്യോഗസ്ഥർ അവരുടെ അധികാര പരിധി എവിടെയാണോ അവിടെത്തന്നെ നിൽക്കണം. വയനാട് ജില്ലയിൽ നിലവിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. മലയോരമേഖലകളിൽ മഴയും കാറ്റും ശക്തമാക്കാൻ സാധ്യതയുണ്ട്. ഇടുക്കി ജില്ലയിലാണ് ഈ ദിവസങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമുള്ളത്. 203 മുതൽ 213 വരെ മില്ലിമീറ്റർ മഴ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ട്. മൂന്നാർ മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും ജാഗ്രത പാലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആവശ്യമായ വാഹനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കും. ക്യാമ്പുകൾ ആരംഭിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ യോഗം ദിവസവും ഒരു തവണയെങ്കിലും കൂടണമെന്ന് നിർദ്ദേശം നൽകി. ബെയ്‌ലി പാലം തകർന്നുപോയെന്ന് തരത്തിലുള്ള കള്ള പ്രചാരണങ്ങളുണ്ടാകുന്നുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ജീവനോപാധികളുമായി ബന്ധപ്പെട്ട പരാതികൾ മാധ്യമങ്ങളിലൂടെ കേട്ടു. തുടർച്ചയായി ജോലിക്ക് പോകാൻ സാധിക്കാത്ത ആളുകൾക്ക് ഒരു വീട്ടിലെ രണ്ടുപേർക്ക് 300 രൂപ തോതിൽ ദിനബത്ത നൽകും. അർഹരായ ആളുകൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യും. മറ്റു വരുമാനം ഇല്ലാത്തവർക്ക് ദിനബത്ത ലഭ്യമാവാതെ പോയിട്ടുണ്ടെങ്കിൽ പരിശോധിക്കും.

റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും, പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി സ്ഥിതിചെയ്യുന്നതുമാണ് അതിതീവ്രമഴയ്ക്ക് കാരണം. കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇരുപത്തിയെട്ടാം തിയതി വരെ കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശനിയാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.  

 

 

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ