രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേൾക്കുന്നത്. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകന്‍ വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
അതേസമയം ബലാത്സംഗക്കേസിൽ തുടർച്ചയായ പത്താംദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്‍റെ ബെഞ്ചിൽ മുപ്പത്തിരണ്ടാമത്തെ ഐറ്റമായിട്ടാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹം വാദ്ഗാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ല, രാഷ്ടീയ ഗൂഡാലോചനയുടെ ഇരയാണ് താൻ, ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ല തുടങ്ങിയവയാണ് രാഹുലിന്‍റെ പ്രധാന വാദങ്ങൾ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.



