തകർത്ത് പെയ്ത് വേനൽമഴ; 85 ശതമാനം അധികം, കൂടുതൽ പത്തനംതിട്ടയിൽ

By Web TeamFirst Published Apr 10, 2022, 11:50 AM IST
Highlights

മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ സാധാരണ അളവിൽ മഴ ലഭിച്ചു. പത്ത് ജില്ലകളിൽ അധിക മഴ ലഭിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തകർത്ത് പെയ്ത് വേനൽമഴ. 81 ശതമാനം അധികമഴയാണ് മാർച്ച് മുതൽ ഏപ്രിൽ ഒമ്പത് വരെ പെയ്തത്. ഇക്കാലയളവിൽ 59 മില്ലി മീറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ 106.6 മില്ലി മീറ്റർ മഴ ലഭിച്ചു. തൃശൂർ ജില്ലയിൽ മാത്രമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കോട്ടയം (205.6 മില്ലി മീറ്റർ), പത്തനംതിട്ട(285.7 മില്ലി മീറ്റർ), എറണാകുളം(173.1 മില്ലി മീറ്റർ), ഇടുക്കി(140.5 മില്ലി മീറ്റർ), ആലപ്പുഴ (168.9 മില്ലി മീറ്റർ) ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. ശതമാനക്കണക്കിൽ കാസർകോടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ സാധാരണ അളവിൽ മഴ ലഭിച്ചു. പത്ത് ജില്ലകളിൽ അധിക മഴ ലഭിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാവാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി  ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ തെക്കൻ കേരളത്തിലും കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലും കൂടുതൽ മഴ സാധ്യതയുണ്ട്.

കേരളതീരത്ത് 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് കാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  കർണാടകം മുതൽ മധ്യപ്രദേശ് വരെയുള്ള തീരത്ത് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവതച്ചുഴി ഉള്ളതും ആണ് മഴ തുടരാൻ കാരണം. ഇത് വരും ദിവസങ്ങളിൽ മാന്നാർ കടലിടുക്ക് വഴി അറബികടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറില്‍ 40-50  കിലോമീറ്റർ  വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രത്യേക ജാഗ്രത നിർദേശമുണ്ട്.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലയിലും ജാഗ്രതാനിർദ്ദേശമുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. ശക്തമായ മിന്നലുണ്ടാകാന്‍ സാധ്യയതയുള്ളതുകൊണ്ട് പൊതുജനം ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പേര്‍ മിന്നലേറ്റ് മരണപ്പെട്ടിരുന്നു.  കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഒരാൾ ഇന്നലെ മിന്നലേറ്റ് മരിച്ചു.  വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ജോലിക്കിടെ ജോയ്ക്ക് മിന്നലേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. കൊച്ചിയില്‍ മത്സ്യത്തൊഴിലാളിയും ഇന്നലെ മിന്നലേറ്റ് മരണപ്പെട്ടു. കടലിൽ മത്സ്യബന്ധനത്തിനിടെയാണ്  തമിഴ്നാട്  കന്യാകുമാരി സ്വദേശി ബ്രിട്ടോ (38) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ബ്രിട്ടോയ്ക്ക് മിന്നലേറ്റത്.

click me!