
തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. എഴുത്തുകാരായ പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം.നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം ലഭിച്ചു. സിപിഎം നേതാവ് എം.സ്വരാജിന് മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. ജിആർ ഇന്ദുഗോപൻ്റെ ആനോ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു.
എൻഡോവ്മെൻ്റ് വിഭാഗത്തിൽ മികച്ച ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡിനാണ് എം സ്വരാജിൻ്റെ പൂക്കളുടെ പുസ്തകം സമ്മാനം നേടിയത്. പതിനായിരം രൂപയാണ് സമ്മാനം. കെ വി രാമകൃഷ്ണനെയും ഏഴാച്ചേരി രാമചന്ദ്രനെയും കഴിഞ്ഞ വർഷത്തെ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തു. 50000 രൂപയും രണ്ട് പവൻ്റെ സ്വർണ പതക്കവും പ്രശസ്‌തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. 30000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് സമഗ്ര സംഭാവനയ്ക്ക് പരിഗണിക്കപ്പെട്ടവർക്ക് ലഭിക്കുക.
കവിത വിഭാഗത്തിൽ അനിത തമ്പിക്കാണ് (മുരിങ്ങ വാഴ കറിവേപ്പ്) പുരസ്കാരം. ശശിധരൻ നടുവിലിൻ്റെ പിത്തളശലഭം മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എൻ.ഷീജയുടെ അമ്മമണമുള്ള കനവുകൾ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടി. വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ ടി.എസ്.ശ്യാംകുമാറിന് എൻഡോവ്മെന്റ് വിഭാഗത്തിൽ ജി.എൻ.പിള്ള അവാർഡ് ലഭിച്ചു. ആരുടെ രാമൻ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
വി ഷിനിലാലിൻ്റെ ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര മികച്ച ചെറുകഥ പുരസ്കാരം നേടി. കെആർ അജയൻ്റെ ആരോഹണം ഹിമാലയം മികച്ച യാത്രാവിവരണമായും രാമായണത്തിൻ്റെ ചരിത്ര സഞ്ചാരങ്ങൾക്ക് ജി ദിലീപൻ മികച്ച സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരവും നേടി. ഹാസ സാഹിത്യം വിഭാഗത്തിൽ കേരളത്തിൻ്റെ മൈദാത്മകത വറുത്തരച്ച ചരിത്രത്തോടൊപ്പം എന്ന പുസ്തകത്തിന് നിരഞ്ജൻ അവാർഡിന് അർഹനായി.
വിലാസിനി പുരസ്കാരത്തിന് ആരും അർഹരായില്ല. മാദണ്ഡങ്ങൾ അനുസരിച്ചുള്ള കൃതികൾ ലഭിക്കാത്തതാണ് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്. നോവൽ പഠനം / നോവലിസ്റ്റിനെ കുറിച്ചുള്ള പഠനം വിഭാഗത്തിൽ നൽകുന്ന എൻഡോവ്മെന്റ് പുരസ്‌കാരമാണ് വിലാസിനി പുരസ്കാരം നൽകുന്നത്.