ലോക്ഡൗൺ മൂന്നാം ദിവസത്തിൽ; പ്രവൃത്തി ദിവസം പരിശോധന കടുപ്പിക്കാൻ പൊലീസ്, നിസാര ആവശ്യങ്ങൾക്ക് അനുമതിയില്ല

By Web TeamFirst Published May 10, 2021, 7:13 AM IST
Highlights

അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. 

സംസ്ഥാനത്തെ റോഡുകൾ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കും. അടിയന്തര ആവശ്യങ്ങളൊഴികെ സംസ്ഥാനാന്തര യാത്രകള്‍ വിലക്കി. 14 ദിവസത്തേക്കാണ് സമ്പൂര്‍ണ അടച്ചിടല്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ തമിഴ്നാട്ടില്‍ തുറന്ന് പ്രവര്‍ത്തിക്കും. കർണ്ണാടകത്തിൽ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ പത്ത് വരെ തുറക്കും. കേരള തമിഴ്നാട് കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!