
കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മൂന്ന് ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
വെയിൽചൂടിൽ ചുട്ടി പൊള്ളി സംസ്ഥാനം. റെക്കോർഡ് താപനില. ജീവന് പോലും ഭീഷണി സൃഷ്ടിച്ച് സൂര്യാഘാതവും സൂര്യാതപവും. നാട് ഇത് വരെ കാണാത്ത കൊടുംചൂടിന് കാരണം കൊല്ലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ കുറ്റപ്പെടുത്തൽ.
പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോൺ തൻമാത്രകളുടെ അളവ് കുറഞ്ഞതിനെ തുടർന്ന് അൾട്രാ വയലറ്റ് രശ്മികൾ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്ര അപകടകരമാക്കുന്നത്.അതൊടൊപ്പം പ്രളയവും നിലവിലെ കൊടുംചൂടും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഏപ്രിൽ പകുതിയോടെ വേനൽ മഴ കിട്ടുമെന്നാണ് നിലവിലെ പ്രതീക്ഷ.മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് അങ്ങിങ്ങായി മഴ എത്തും.എങ്കിലും നിലവിലെ ചൂട് മാറണമെങ്കിൽ ഏപ്രിൽ പകുതി വരെ കാത്തേ പറ്റു. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം തുടരുകയാണ്.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. സൂര്യാഘാത മുന്നറിയിപ്പ് നാളെ വരെ തുടരും. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറത്ത് കേന്ദ്രീയ വിദ്യാലയങ്ങൾക്കുൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാതപ- സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ 3 മണിവരെ വെയിൽ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam