ദക്ഷിണ റെയില്‍വേ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സംവിധാനം സ്ഥാപിച്ചു. മൊബൈല്‍ ഒടിപി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സൗകര്യം വഴി യാത്രക്കാര്‍ക്ക് ലഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും.

മലപ്പുറം: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ റെയില്‍വേ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സംവിധാനം ഒരുക്കി. നിലവില്‍ ലോക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സേവനം ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എന്നാല്‍ ഉടന്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സ്വന്തം സാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്ന സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഡിജിറ്റല്‍ ലഗേജ് ലോക്കര്‍. മൊബൈല്‍ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ലോക്കര്‍ തുറക്കാന്‍ കഴിയുക. ഇതിലൂടെ യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ എത്തുമ്പോള്‍ ബാഗുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി സൂക്ഷിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാന്‍ സൗകര്യം ലഭിക്കും.

ആറു മണിക്കൂറിന് 60 രൂപയാണ് ലോക്കര്‍ ഉപയോഗിക്കുന്നതിനുള്ള നിരക്ക്. 10 ബാഗുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ലോക്കറിന് 24 മണിക്കൂറിന് 300 രൂപ നല്‍കണം. വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി ഒരുക്കിയ ഈ സൗകര്യം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവം ലഭിക്കും.