
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ അര്‍ദ്ധ അതിവേഗ റെയില്‍ പാത ട്രാക്കിലേക്ക്. പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിനുള്ള അനുമതിയായി. റെയില്‍വേ ബോര്‍ഡിന്‍റെ അംഗീകാരം രണ്ടുമാസത്തിനുള്ളില്‍ ലഭിച്ചേക്കും. നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്വത്തില്‍ അനുമതി നല്‍കിയത്. 64000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33700 കോടി വിദേശ വായ്പ എടുക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
എഡിബി വായ്പക്കായി സമര്‍പിച്ച രേഖകളില്‍ നീതി ആയോഗ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പദ്ധതി ചെലവ് പ്രായോഗികമാണോയെന്ന് വ്യക്തമാക്കാനായിരുന്നു നിര്‍ദ്ദേശം. കേരള റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ സമര്‍പ്പിച്ച സാങ്കേതിക പഠന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് നീതി ആയോഗ്, വിദേശ വായ്പ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയത്. അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് രണ്ടുമാസത്തിനുള്ളില്‍ റെയില്‍വേ ബോര്‍ഡ് അംഗീകാരം കിട്ടിയേക്കും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാം. സ്ഥലമേറ്റെടുപ്പിനുള്ള 13000 കോടിയില്‍ 3000 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പ കിട്ടി. കിഫ്ബിയില്‍ നിന്നും ഇന്ത്യന്‍ റെയില്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും ബാക്കി തുക കണ്ടെത്തണം. പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്താലുടന്‍ ഇതിന് ഭരണാനുമതി നല്‍കിയേക്കും.
എന്നാല്‍ കേരളത്തിന്‍റെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും കനത്ത പ്രഹരമേല്‍പിക്കുന്ന പദ്ധതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി വ്യക്തമാക്കി. വിദേശ വായ്പ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുമെന്നും സമിതി ആക്ഷേപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam