കേരളം പ്രളയത്തിൽ നിന്ന് വരൾച്ചയിലേക്കോ ? വീണ്ടും ഒരു ജലദിനം കൂടി കടന്നു പോകുമ്പോൾ

By Web TeamFirst Published Mar 22, 2019, 10:06 AM IST
Highlights

വരൾച്ചയുടെ ലക്ഷണങ്ങൾ ഇക്കുറി വളരെ നേരത്തെ തന്നെ നമ്മെ തേടിയെത്തിക്കഴിഞ്ഞു, നദികൾ മാർച്ച് മാസത്തിൽ തന്നെ വറ്റി വരണ്ടു . ഭൂഗർഭ ജലനിരപ്പും അസാധാരണമായ നിലയിൽ താഴുന്നതായാണ് റിപ്പോർട്ട്.

തിരുവനന്തപുരം: വീണ്ടും ഒരു ജലദിനം കൂടി കടന്ന് പോകുകയാണ്. ഇത്തവണത്തെ ജലദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ആരെയും വിട്ടുപോകാതെ എന്ന മുദ്രാവാക്യത്തോട് കൂടിയാണ്. ആവശ്യമുള്ള ജലം ആർക്കും ലഭ്യമാകാതിരിക്കരുത് എന്നതാണ് ലക്ഷ്യം. ഇന്ത്യൻ സാഹചര്യങ്ങളിലും കേരളത്തിന്‍റെ നിലവിലെ അവസ്ഥയിലും ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയാണുള്ളത്. 

ഇന്ത്യയിൽ നൂറുകോടി ജനങ്ങൾ ജലദൗർലഭ്യമുള്ള മേഖലകളിലാണ് ജീവിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ തന്നെ അറുപത് കോടി പേർ അതീവ വരൾച്ച ബാധിത പ്രദേശങ്ങളിലാണ് ജീവിക്കുന്നതെന്നാണ് കണക്ക്. കേരളത്തിലെ സാഹചര്യങ്ങളും വലിയ മെച്ചമല്ല. വേനൽ കടുത്ത് തുടങ്ങുമ്പോഴേക്ക് തന്നെ പലയിടങ്ങളിൽ നിന്നായി വരൾച്ചയുടെ വാർത്തകൾ വന്നു തുടങ്ങിക്കഴിഞ്ഞു. 

വരൾച്ചയുടെ ലക്ഷണങ്ങൾ ഇക്കുറി വളരെ നേരത്തെ തന്നെ നമ്മെ തേടിയെത്തിക്കഴിഞ്ഞു, നദികൾ മാർച്ച് മാസത്തിൽ തന്നെ വറ്റി വരണ്ടു തുടങ്ങി. മഹാപ്രളയത്തെത്തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

സംസ്ഥാനത്തെ 44 പുഴകളില്‍ മിക്കതിലും വെള്ളം കുറയുകയാണ്. ചിലത് വറ്റി വരണ്ട് കഴിഞ്ഞു. വേനലിന്‍റെ തുടക്കത്തില്‍ തന്നെ പുഴകള്‍ വറ്റുന്നത് ആശങ്കയോടെ വേണം നോക്കി കാണുവാൻ . പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായി. വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി ഇതോടെ മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. തുലാവര്‍ഷം മോശമായതും നേരത്തെ തന്നെ പുഴകള്‍ വറ്റാന്‍ കാരണമായിട്ടുണ്ട്.

തുലാവര്‍ഷത്തില്‍ ഏറ്റവും കുറച്ച് മഴകിട്ടിയ വടക്കന്‍ കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമാണ്. മലയോര മേഖലയിലെ പ്രധാന പുഴകളെല്ലാം വറ്റി. ഇവിടെ വരള്‍ച്ച രൂക്ഷമാണ്. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ പ്രശ്നം അതീവ ഗുരുതരമാവും. മഴ കിട്ടുമ്പോള്‍ വെള്ളം സംഭരിച്ച് പതുക്കെ പുറം തള്ളുന്ന പുഴകളുടെ സ്വാഭാവിക സ്വഭാവം തിരികെ കിട്ടും വരെ നീരൊഴുക്കില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.

ഭൂഗർഭ ജലനിരപ്പും ആശങ്കയുയർത്തുകയാണ്. ജലനിരപ്പ് അസാധാരണമായ നിലയിൽ താഴുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. കാസർകോടും പാലക്കാടുമാണ് രണ്ട് മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയെക്കാളും താഴെയാണ് ഭൂഗർഭ ജലവിതാനം കുറഞ്ഞിരിക്കുന്നത്. 75 സെന്‍റീമീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കുറവ് കാസർക്കോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. എല്ലാ വർഷവും ഇവിടങ്ങളിൽ ജല വിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനൽ തുടങ്ങിയപ്പോൾ തന്നെ രണ്ട് മീറ്റർ ജലവിതാനം താഴ്ന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു. 

നിയന്ത്രണങ്ങൾ ലംഘിച്ച് പലയിടങ്ങളിലും നടക്കുന്ന ജല ചൂഷണം അടിയന്തിരമായി തടയണമെന്ന് ഭൂഗർഭ ജലവകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ പക്ഷെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ഭൂഗർഭജല വകുപ്പിന്‍റെ 756 വട്ടർ ഒബ്‍സർവേറ്ററികളിൽ നിന്ന് ഫെബ്രുവരിയിൽ കിട്ടിയ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നത്.

പ്രളയത്തിൽ മേൽമണ്ണൊലിച്ച് പോയത് മണ്ണിന്‍റെ സ്വാഭാവികമായി ജലം പിടിച്ചു നിർത്താനുള്ള കഴിവിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. വെള്ളം വെയിലിൽ വലിച്ചെടുക്കപ്പെടാതെ സൂക്ഷിക്കാനുള്ള കഴിവ് ഇപ്പോൾ കേരളത്തിലെ പല മേഖലകളിലെയും മണ്ണിനില്ല. ആ കഴിവ് തിരിച്ചു വരാൻ ഇനിയും കാലങ്ങളെടുക്കും. വേനൽ മഴ ലഭിച്ചാൽ തന്നെ അത് എത്രത്തോളം കേരളത്തിന് പ്രയോജനപ്പെടുത്താൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും വരൾച്ചയുടെ തോത്. 

ഇനിയും അപയാമണി കേട്ട് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കടുത്ത വരൾച്ചയും ജലക്ഷാമവുമാണ് നമ്മെ കാത്തിരിക്കുന്നത്. 

click me!