
തിരുവനന്തപുരം: സ്പ്രിംഗ്ലർ സംഭവത്തിനു ശേഷം വീണ്ടും ഡാറ്റ മോഷണ ആരോപണം ഉയരുകയാണെന്നും ബഹുമാനത്തോടെ ‘ഓണറബിൾ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ച ആളെ ഇനി ‘തീഫ് മിനിസ്റ്റർ’ എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക് പോർട്ടലിലെ ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേരള ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്‍റെ പ്രതികരണം. സ്വന്തം ജീവനക്കാരുടെ ഡാറ്റ പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്നും വ്യക്തികളുടെ അനുമതിയില്ലാതെ ഔദ്യോഗിക വിവരങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തിഗത ഡാറ്റ ശേഖരിച്ച ഉദ്ദേശ്യത്തിനുള്ളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമതത്വം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ജനങ്ങളെ നിയമത്തിന്റെ കീഴിൽ കൊണ്ടുവരേണ്ട സർക്കാർ തന്നെ നിയമ ലംഘനത്തിന്റെ പ്രതീകമാകുകയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. സ്പാർക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വ്യക്തിഗത വിവരങ്ങളിൽ നിന്ന് ഫോൺ നമ്പറുകൾ ശേഖരിച്ച് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതായാണ് ആരോപണം. വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് ലഭിച്ചതെന്നും ആർക്കും ലഭ്യമാകുന്ന വിവരമാണെങ്കിൽ സ്പാർക്കിലെ ഡാറ്റയ്ക്ക് എന്ത് സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു.
കേസ് പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതര കടന്നു കയറ്റമാണെന്ന് നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ സമാന സ്വഭാവത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കരുതെന്ന് കോടതി കർശന നിർദേശം നൽകി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് സന്ദേശങ്ങൾ അയച്ചതെന്ന സർക്കാർ വാദം കോടതി തള്ളി. സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്കും സന്ദേശങ്ങൾ ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നതുവരെ സമാന സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് ഉറപ്പ് നൽകാനും കോടതി നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam