നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പി എസ് സി. ഇന്നലെ വൈകിട്ടാണ് രേഖകൾ കൈമാറിയത്. നിയമന തട്ടിപ്പിലെ മുഴുവൻ രേഖകളും നൽകണമെന്ന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പി എസ് സി തള്ളിയിരുന്നു.
തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പി എസ് സി. ഇന്നലെ വൈകിട്ടാണ് രേഖകൾ കൈമാറിയത്. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോർഡിലെ നിയമനതട്ടിപ്പിൽ തെളിഞ്ഞത് പി എസ് സിയുടെ അസാധാരണ ഒളിച്ചുകളിയായിരുന്നു. 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻ വിവാദമായി. നിയമനത്തിൽ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത് ഈ മാസം 6ന് ആണ്. പരാതിപ്രളയത്തിൽ പി എസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയർന്നപ്പോൾ ഏഴിന് കമ്മീഷൻ വാർത്താകുറിപ്പിറക്കിയത് ഇങ്ങനെയാണ്: ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കും.
എന്നാൽ പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയിൽ കമ്മീഷൻ്റെ തനിരൂപം ഒരിക്കൽ കൂടി തെളിഞ്ഞു. ആസൂത്രണ ബോർഡിലെ ചീഫ് ഇൻസ്ട്രക്ടർ ആൻ്റ് ഇൻഫ്രാസ്ട്രക്ചർ തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും മാർക്കുകൾ തെരഞ്ഞെടുപ്പിൻ്റെ ഈ ഘട്ടത്തിൽ കൈമാറാൻ നിർവ്വാഹമില്ലെന്നായിരുന്നു മറുപടി. കൂടാതെ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ കമ്മീഷൻ അപ്പീൽ നൽകാനും തീരുമാനിക്കുകയായിരുന്നു.

