നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Web TeamFirst Published Apr 8, 2019, 9:45 AM IST
Highlights

മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം കെ മോഹൻ കുമാർ കേസെടുത്തത്.

മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം കെ മോഹൻ കുമാർ കേസെടുത്തത്. കുട്ടികൾക്ക് നേരേ വർധിച്ച് വരുന്ന  അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ മലപ്പുറം  ജില്ലാ കളക്ടർ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എടപ്പാൾ സ്വദേശി രാഘവൻ ആണ് ബാലികയെ മർദ്ദിച്ചത്. എടപ്പാളിൽ വിവിധ മേഖലയിൽ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിലെ പെൺകുട്ടിക്കാണ് ക്രൂര മർദ്ദനം ഏറ്റത്. കഴിഞ്ഞ ദിവസം എടപ്പാളിലെ കെട്ടിടത്തിന് സമീപം പെൺകുട്ടി ആക്രി പെറുക്കാനെത്തിയിരുന്നു. ഇവിടെ നിന്നും രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ പെറുക്കിയതിനാണ് രാഘവൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് വിവരം.

ആക്രി പെറുക്കരുത് എന്ന് കുട്ടിയോട് പറഞ്ഞെങ്കിലും കേട്ടില്ലെന്നാരോപിച്ചാണ് രാഘവൻ കുട്ടിയുടെ ചാക്ക് പിടിച്ച് വാങ്ങി തലയ്ക്ക് അടിച്ചത്. ചാക്കിനകത്ത് ഇരുമ്പ് കഷ്ണമുണ്ടായിരുന്നു ഈ പ്രഹരമാണ് കുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയത് . തലയിൽ പത്ത് തുന്നിക്കെട്ടലുകളുണ്ടെങ്കിലും ആരോഗ്യനില അപകടകരം അല്ലാത്തതുകൊണ്ട് ആശുപത്രിയിൽ നിന്ന് കുട്ടിയെ വിട്ടയച്ചിരുന്നു. 

ഈ പെൺകുട്ടിയെ മുൻപ് പലവട്ടം സ്കൂളിൽ ചേർക്കാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ പോയി. തുടർന്ന് ആക്രി പെറുക്കുന്ന ജോലി കുടുംബത്തോടൊപ്പം പെൺകുട്ടിയും ഏറ്റെടുക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് സംഭവത്തിൽ ഇപ്പോൾ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

click me!