പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു; 50 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടെന്ന് ഡിജിപി

By Web TeamFirst Published Aug 1, 2020, 10:42 AM IST
Highlights

50 വയസ്സിന് മുകളിലുള്ളവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം: എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളിൽ അണുനശീകരണം നടത്തും. അവധി ദിനങ്ങളായതിനാൽ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം. 

നേരത്തെ പൊലീസ് ആസ്ഥാനത്തെ ഒരു ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സേനാംഗങ്ങൾ വൈറസ് ബാധിതരാകുന്നത് കണക്കിലെടുത്താണ് പൊലീസുകാർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി കർശനമാക്കിയത്. 50 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയ്‍ക്കോ നിയോഗിക്കരുത്. 50 വയസ്സിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. പൊലീസ് ക്യാംപുകളിൽ അതീവ ജാഗ്രത വേണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിലുണ്ട്. 

കൊവിഡ് പ്രതിരോധത്തിൽ  മുന്നിൽ നിൽക്കുന്ന പൊലീസുകാരുടെ മനോവീര്യം കെടുത്തുന്ന ഉത്തരവുകളൊന്നും മേൽ ഉദ്യോഗസ്ഥർ പുറപ്പെടുവിക്കരുതെന്നും ഡിജിപി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.  മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 88 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  തലസ്ഥാന ജില്ലയിൽ മാത്രം 30 പൊലീസുകാരാണ് ഇതുവരെ കൊവിഡ്  ബാധിതരായത്. കൊവിഡ് ബാധിച്ച് ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച്  എസ്ഐ മരിച്ചത് കൂടി കണക്കിലെടുത്താണ് ഡിജിപിയുടെ കർശന നിർദ്ദേശം.

 

click me!