
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ. സിനിമ ഒന്നാം ഭാഗം എങ്ങനെ തള്ളിക്കളഞ്ഞോ അതുപോലെ രണ്ടാം ഭാഗവും തള്ളിക്കളയുമെന്ന് മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു. നുണക്കഥയ്ക്ക് പിന്നിൽ സംഘപരിവാർ അജണ്ടയെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. ലൗ ജിഹാദ് ഒരു കെട്ട് കഥയല്ലെന്നും ഇഷ്ടമുള്ളവർക്ക് സിനിമ കാണാമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.
2030ൽ റിലീസ് ചെയ്ത കേരല സ്റ്റോറി സിനിമയ്ക്ക് സമാനമായ വർഗീയ പരാമർശങ്ങളും രംഗങ്ങളും തന്നെയാണ് THE KERALA STORY 2, GOES BEYOND ൻ്റെ ട്രെയിലറിലും ഉള്ളത്. കേരളത്തെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ട്രെയിലറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. വിവിധ രാഷ്ട്രീയ നേതാക്കളും ട്രെയിലറിനെ വിമർശിച്ച് രംഗത്തെത്തി. കേരളത്തിന്റെ മതനിരപേക്ഷതയും വികസനവും ജനാധിപത്യവും കണ്ട് അസൂയ പൂണ്ടവരാണ് ഈ സിനിമയ്ക്ക് പിന്നിൽ എന്ന് മന്ത്രി സജി ചെറിയാൻ തുറന്നടിച്ചു.
നുണക്കഥ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ ആവില്ലെന്നും ലക്ഷ്യം വർഗീയമായ ചേരിതിരിവെന്നും പിന്നിൽ സംഘ പരിവാർ അജണ്ടയെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാമെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നുമായിരുന്നു ബിജെപി പ്രതികരണം.
രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യമാണ് സിനിമയിൽ പറഞ്ഞതെന്നും കേരളത്തിലെ മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മനസിലാക്കട്ടെ എന്നുമായിരുന്നു സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നത് യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്ക്കാരമെന്നും സംവിധായകൻ പറഞ്ഞു.
അതേസമയം, സിനിമാ മേഖലയിൽ നിന്നുള്ളവർ ആരും ട്രെയിലർ പുറത്തുവന്ന പിന്നാലെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ക്രൈസ്തവ സഭയും മൗനത്തിലാണ്. എന്നാൽ ട്രെയിലറിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam