കര്‍ശന നിയന്ത്രണങ്ങളോടെ കശുവണ്ടി ഫാക്ടറികള്‍ പുനരാരംഭിച്ചു; പ്രതീക്ഷയോടെ തൊഴിലാളികൾ

By Web TeamFirst Published Aug 1, 2020, 8:26 AM IST
Highlights

സമൂഹികാകലം പാലിക്കാൻ പകുതി വീതം ജീവനക്കാര്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ എത്തും. മാസ്ക് നിര്‍ബന്ധമാണ്. ശരീരോഷ്മാവ് പരിശോധിച്ചാണ് അകത്തേക്ക് പ്രവേശിപ്പിക്കുക. 

കൊല്ലം: കൊല്ലം ജില്ലയിലെ നിയന്ത്രിത മേഖലകളിലേയും കശുവണ്ടി ഫാക്ടറികള്‍ ‍തുറന്ന് പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഈ ഫാക്ടറികൾ തുറന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫാക്ടറികളെല്ലാം തുറന്നെങ്കിലും സ്വകാര്യ മേഖലയിലെ വളരെ കുറച്ച് ഫാക്ടറികൾ മാത്രമാണ് തുറന്നിട്ടുള്ളത്.

തോട്ടണ്ടി കിട്ടാതായതോടെ മാര്‍ച്ചില്‍ തന്നെ പല കശുവണ്ടി ഫാക്ടറികളും അടച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു  ലോക്ഡൗണ്‍. ഇതെല്ലാം കഴിഞ്ഞ് മേയ് 8 മുതല്‍ നിയന്ത്രണങ്ങളോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇതിനിടയിലാണ് ജില്ലയിലെ ഭൂരിഭാഗം മേഖലകളും കൊവിഡ് നിയന്ത്രിത മേഖലയിലായത്. ഇതോടെ മിക്ക ഫാക്ടറികളും വീണ്ടും അടച്ചു. തൊഴിലില്ലായ്മ രൂക്ഷമായതോടെയാണ് നിയന്ത്രണങ്ങളോടെ ഫാക്ടറികൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.

സമൂഹികാകലം പാലിക്കാൻ പകുതി വീതം ജീവനക്കാര്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ എത്തും. മാസ്ക് നിര്‍ബന്ധമാണ്. ശരീരോഷ്മാവ് പരിശോധിച്ചാണ് അകത്തേക്ക് പ്രവേശിപ്പിക്കുക. കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നല്‍കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ ആരോഗ്യപ്രവര്‍ത്തകരും പരിശോധക്കെത്തും. തൊഴിലാളികളുടെ പ്രതിസന്ധിയില്‍ അയവ് വരുത്താൻ ഓണത്തിന് ബോണസ് നല്‍കും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ ഭാഗമായി കശുവണ്ടി വികസന കോര്‍പറേഷന്‍റെ കീഴില്‍ ആയിരം തൊഴിലാളികളെ കൂടി നിയമിക്കും.

click me!