കേരളം നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പ്; അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ

Published : Sep 03, 2025, 09:55 PM IST
urban conclave 2025

Synopsis

നഗരനയ കമ്മീഷന്റെ ശുപാർശകളിൽ ജനകീയമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയായി കോൺക്ലേവ് മാറും.

തിരുവനന്തപുരം: കേരളം സമഗ്രമായ നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരളാ അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. 'Aspiring Cities, Thriving Communities' എന്ന ആശയത്തിലൂന്നി നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള മന്ത്രിമാരും മേയർമാരും, ദേശീയ അന്തർദേശീയ തലത്തിലെ വിദഗ്ധരും പങ്കെടുക്കുന്ന അർബൻ കോൺക്ലേവിൽ കേരളത്തിന്റെ നഗരനയം അന്തിമമാക്കും.

നഗരനയ കമ്മീഷന്റെ ശുപാർശകളിൽ ജനകീയമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയായി കോൺക്ലേവ് മാറും. കോൺക്ലേവിനോട് അനുബന്ധിച്ച്, കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം ഏറ്റവും ശക്തമായ ഒരു സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന ഒരു പ്രദേശം എന്ന നിലയിലും കേരളത്തിന് നഗരനയം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കോൺക്ലേവ് സഹായകമാവും. നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും ഈ കോൺക്ലേവ്. അർബൻ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടക്കുന്ന അർബൻ കോൺക്ലേവും വഴി ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ചാകും സമഗ്രമായ നഗരനയം അന്തിമമാക്കുക. പുതിയ ആശയങ്ങൾ ഉയർന്നുവരികയാണെങ്കിൽ അതും സ്വീകരിക്കും. ഈ നഗരനയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു ചട്ടക്കൂടും മാതൃകയും നൽകും. ഇന്ത്യയ്ക്ക് മാത്രമല്ല, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കും കേരളത്തിന്റെ ഈ നഗരനയം ഒരു മാതൃകയായിരിക്കും. രാജ്യത്ത് ആദ്യമായി നഗരനയം രൂപീകരിക്കുന്ന സംസ്ഥാനമായി ഇങ്ങനെ കേരളം മാറും- മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അതിവേഗത്തിലുള്ള നഗരവത്കരണത്തിന്റെ സ്വഭാവവും പ്രത്യേകതകളും പഠിക്കാനും, അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ നയസമീപനങ്ങളിൽ നഗരവത്കരണവുമായി ബന്ധപ്പെട്ട് വരുത്തേണ്ട പരിഷ്കരണങ്ങൾ നിർദേശിക്കാനുമായിരുന്നു നഗരനയ കമ്മീഷനെ നിയോഗിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സമഗ്ര നഗരനയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിച്ചത്. 2023 ഡിസംബറിൽ കേരള സർക്കാർ ഒരു നഗര നയ കമ്മീഷൻ (KUPC) രൂപീകരിച്ചു. 2025 മാർച്ച് 30 ന് കമ്മീഷൻ റിപ്പോർട്ട് ബഹു. മുഖ്യമന്ത്രിക്ക് കൈമാറി. അന്തർദേശീയ തലത്തിലെ വിദഗ്ധർ അടങ്ങിയ കമ്മീഷൻ, മികവേറിയ നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ