
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
പോത്തൻകോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതൽ പേരുടെ ഫലം ഇന്ന് ലഭിക്കും. അതേ സമയം പോത്തന്‍കോട് കൊറോണ ബാധിച്ച് മരിച്ച അബ്ദുൽ അസിസിൽ എങ്ങനെ രോഗം പകർന്നതെന്ന് ഇതു വരെ കണ്ടെത്താനായിട്ടില്ല. ഇതിനായുളള ശ്രമം തുടരുകയാണ്.
ശശിതരൂര്‍ എംപിയാണ് എഫി ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളിൽ കൊവിഡ് 19ന്‍റെ ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം.
എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി പറയുന്നു. കിറ്റുകളെത്തിച്ച എംപിയെ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പേരെടുത്ത് അഭിനന്ദിച്ചിരുന്നു.
അതേസമയം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ട് വികസിപ്പിക്കുന്ന റാപ്പിഡ് റെസ്റ്റ് കിറ്റ് പരീക്ഷണത്തിനായി 4 രോഗികളിൽ നിന്നും സാമ്പിൾ എടുക്കാൻ സർക്കാർ അനുമതി നല്‍കി. കോവിഡ് 19 രോഗം ഭേദമായ 4 രോഗികളിൽ നിന്നുള്ള പ്ലാസ്മ ആണ് ശേഖരിക്കുക. 3 നിബന്ധനകളോടെ ആണ് അനുമതി നൽകിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam