
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. തീവ്രമഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ടയിലും ഇടുക്കിയിലു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് സമാന്തരമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഇതുവരെ കേരളത്തിൽ കനത്ത മഴയ്ക്ക് വഴിയൊരുക്കിയതെങ്കിൽ ഇപ്പോൾ അറബിക്കടലിലും സമാനമായ രീതിയൽ ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. 48 മണിക്കൂറിൽ ചുഴി ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.
ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്ന കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം,ആലപ്പുഴ, പാലാക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോഅലർട്ടാണ്. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടും ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ 40 മുതൽ 50 കിമീ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുകയാണ്. ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഒമാൻ. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‍കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വർദ്ധിച്ചാൽ, ജനങ്ങൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ കഴിയണമെന്ന് ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു. രാജ്യത്ത് പലയിടങ്ങളിലും നാശനഷ്‍ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അൽ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിൽ കടൽ തിരമാലകൾ സംരക്ഷണ മതിൽ മറികടന്ന് കരയിലേക്ക് കയറി. മസ്‍കത്ത് ഗവര്‍ണറേറ്റിൽ അൽ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അൽ നഹ്‍ദ പ്രസിന് പിന്നിലുള്ള മല ഇടിഞ്ഞു വീണു. ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam