'ക്രമക്കേടുകള്‍ പുറത്ത് വരാതിരിക്കാന്‍ ശ്രമം'; കയര്‍ ഫെഡിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്‍ത്തി

By Web TeamFirst Published Oct 3, 2021, 1:49 PM IST
Highlights

കയർ ഫെഡ്ഡിലെ വിശദമായ പരിശോധനയ്ക്ക് ശേഷം 2020 സെപ്റ്റംബറിൽ സഹകരണ വകുപ്പ് ഓഡിറ്റ് ഡയറക്ടറേറ്റ് തയ്യാറാക്കിയതാണ് റിപ്പോർട്ട്.

ആലപ്പുഴ: കയർ ഫെഡ്ഡിലെ (coir fed) ക്രമക്കേടുകളും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട് (audit report) മാനേജ്മെന്‍റ് ഇടപെട്ട് പൂഴ്ത്തി. സ്ഥാപനത്തിന്‍റെ പ്രവർത്തന നഷ്ടത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വാർഷിക പൊതുയോഗത്തിൽ വയ്ക്കാതെ മുക്കിയത്. ഈ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കയർ ഫെഡ്ഡിലെ വിശദമായ പരിശോധനയ്ക്ക് ശേഷം 2020 സെപ്റ്റംബറിൽ സഹകരണ വകുപ്പ് ഓഡിറ്റ് ഡയറക്ടറേറ്റ് തയ്യാറാക്കിയതാണ് റിപ്പോർട്ട്.

കയർ ഫെഡ്ഡിന് കീഴിലെ ആർസിപി യൂണിറ്റിൽ രണ്ട് കോടി 36 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. ഉത്തരവാദികൾ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ്. മറ്റൊരു യൂണിറ്റായ യാർഡ് ഡിപ്പോയിൽ 4,20,000 ത്തില്‍ അധികം രൂപയുടെ സ്റ്റോക്ക് കുറവുണ്ട്. ഉത്തരവാദി ഡിപ്പോ മാനേജർ തുടങ്ങി നിരവധി വീഴ്ചകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കയർ ഫെഡിന്‍റെ പ്രധാന ഷോറൂമുകളിൽ ഒന്നാണ് ആലപ്പുഴയിലേത്. അവിടെ ഒരു കോടിക്ക് മുകളിൽ വിലയുള്ള സ്റ്റോക്കുണ്ടായിരുന്നു. പക്ഷെ കണക്കുകളിൽ പൊരുത്തക്കേടുണ്ട്. ക്രമക്കേടുകൾ തടയാൻ കയർ ഫെഡ്  ഓഫീസുകളിൽ ഏകീകൃത സോഫ്റ്റവെയർ വയ്ക്കാൻ 35 ലക്ഷം രൂപ സർക്കാർ നൽകിയെങ്കിലും വകമാറ്റി. ഇന്‍റേണൽ ഓഡിറ്റിംഗ് സംവിധാനം തികഞ്ഞ പരാജയമാണ്. ഇങ്ങനെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഓഡിറ്റ് റിപ്പോർട്ട് പൊതുയോഗത്തിൽ വയ്ക്കണമെന്നാണ് സഹകരണ ചട്ടം.

click me!