
ഇന്ന് ഉത്രാടപ്പാച്ചിൽ
നാളെ തിരുവോണം. ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ഓണത്തെ വരവേല്‍ക്കാൻ ഒരുങ്ങി. കേരളത്തിലും വിദേശത്തുമുള്ള മലയാളികൾ ഓണമാഘോഷിക്കാൻ ഒരുങ്ങുന്നു. മിക്കവരും വീടണഞ്ഞ് കുടുംബത്തോടൊപ്പം ചേരാനുള്ള തിരക്കിലാണ്. തിരുവോണമൊരുക്കാനുള്ള അവസാന വട്ട പാച്ചിലിനെയാണ് ഉത്രാടപ്പാച്ചിൽ എന്നതുകൊണ്ട് അർഥമാക്കുന്നത്. തിരുവോണം അടുത്തതോടെ ടൺ കണക്കിനു പച്ചക്കറിയാണ് തേനിയിലെ ചിന്നമന്നൂർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ ദിവസേനയെത്തുന്നത്. ഓണക്കാലത്ത് ഒരാഴ്ച മുൻപേ പച്ചക്കറി വിലയും കുതിച്ചുയരും. ഉത്രാടത്തലേന്ന് വില ഉയരുമെന്ന പ്രതീക്ഷയിൽ ചൊവ്വാഴ്ച വൻ തിരക്കാണ് മാർക്കറ്റുകളിൽ അനുഭവപ്പെട്ടത്. ഇതിനനുസരിച്ച് വിലയും ഉയർത്തി.
ഇതറിഞ്ഞ കർഷകർ കൂടുതൽ പച്ചക്കറി മാർക്കറ്റിലേക്കെത്തിച്ചതോടെ വിലയിടിഞ്ഞു. മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവക്ക് മാത്രമാണ് കിലോയ്ക്ക് അൻപത് രൂപയെങ്കിലും വിലയുള്ളത്. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ വില എണ്ണൂറിൽ നിന്നും 250 ലേക്കും കൂപ്പുകുത്തി. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയെത്തുന്ന മധുര, തേനി മാർക്കറ്റുകളിലും സ്ഥിതി ഇതുതന്നെ. പക്ഷേ ചൊവ്വാഴ്ച ഉയർന്ന വിലക്ക് വ്യാപാരികൾ പച്ചക്കറി വാങ്ങിയതിനാൽ ഉത്രാദ ദിവസം മലയാളി കൂടിയ വില നൽകേണ്ടി വരാനാണ് സാധ്യത. ഉൽപ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ കൃഷിക്കാരും നിരാശയിലാണ്
ബിഹാറിൽ ഇന്ന് ബന്ദ്
ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്. വോട്ട് അധികാർ യാത്രയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരെ നടത്തിയ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ബന്ദ്. അവശ്യ സേവനങ്ങളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ബിജെപിയുടെ വനിതാ നേതാക്കളുടെ നേതൃത്ത്വത്തിൽ വിവിധ നഗരങ്ങളിൽ പ്രതിഷേധിക്കും. ഇന്നലെ ബിജെപി വനിതാ നേതാക്കൾ ഒന്നടങ്കം വിഷയത്തിൽ മാപ്പ് പറയാത്ത രാഹുൽ ഗാന്ധിക്കും, തേജസ്വി യാദവിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ജിഎസ്ടിയിൽ വൻ ഇടിവ്
രാജ്യത്തെ ജി എസ് ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കാൻ പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം നികുതിയിൽ വലിയ ഇളവാണ് ജി എസ് ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പാലിനും ജീവൻ രക്ഷ മരുന്നുകൾക്കുമടക്കം വലിയ നികുതിയിളവ് ലഭിക്കും. എന്നാൽ സിഗററ്റിനും പാൻമസാല ഉത്പന്നങ്ങൾക്കും ആഡംബര സാധനങ്ങൾക്കും വില കൂടുകയും ചെയ്യും. വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കി. മോട്ടോർ സൈക്കിളിനും ചെറിയ കാറിനും വില കുറയും. 33 ജീവൻ രക്ഷാ മരുന്നുകൾക്കും നികുതിയില്ല. സിമന്‍റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും. സെപ്തംബർ 22 മുതൽ പുതിയ നികുതി ഘടന നിലവിൽ വരും. അതേസമയം, വരുമാന നഷ്ടമുയർത്തി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം- വിവാദം തുടരുന്നു
ആഗോള അയ്യപ്പ സംഗമം നടത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ വിവാദം തുടരുന്നു. സംഗമത്തിൽ സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സംഘ്പരിവാർ സംഘനടകളും ബിജെപിയും സംഗമത്തിനെതിരെ രംഗത്തെയിരുന്നു. സംഗമത്തിന്റെ വരവ് ചെലവടക്കമുള്ള പൂർണ വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കോേടതിയും അറിയിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധം പുകയുന്നു
മൂന്ന് വർഷം മുമ്പ് തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അകാരണമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു. ആഭ്യന്തര വകുപ്പിനെതിരെ നീക്കം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മർദ്ദനമേറ്റ പ്രവർത്തകനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദർശിക്കും. മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മർദ്ദനമേറ്റ പ്രവർത്തകനെ ഫോണിൽ വിളിച്ചു.