വിദ്യാഭ്യാസത്തിൽ കേരളം ഒന്നാമത് തന്നെ, നിതി ആയോഗ് സൂചികയിൽ അഭിമാന നേട്ടം

By Web TeamFirst Published Oct 1, 2019, 1:09 PM IST
Highlights

 പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നേട്ടം കൊയ്യാൻ കേരളത്തെ സാധ്യമാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ജി.രവീന്ദ്രനാഥ്. 79% സ്‌കോർ നേടിയാണ് പട്ടികയിൽ കേരളം ഒന്നാമതെത്തിയത്.

ദില്ലി: രാജ്യത്തെ വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ ഗുണനിലവാര സൂചികാ പട്ടികയിൽ ഒന്നാമതെത്തി കേരളം. 20 വലിയ സംസ്ഥാനങ്ങളെ പിൻ തള്ളിയാണ് നീതി ആയോഗ് തയ്യാറാക്കിയ സ്കൂൾ എജ്യുക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ( SEQI ) കേരളം  ആദ്യ സ്ഥാനം കൈവരിച്ചത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അഭിമാന നേട്ടത്തിലേക്കെത്താൻ കേരളത്തെ സഹായിച്ചത്. പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നേട്ടം കൊയ്യാൻ കേരളത്തെ സാധ്യമാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ജി.രവീന്ദ്രനാഥ് പ്രതികരിച്ചു. 

വിദ്യാർത്ഥികളുടെ മികച്ച പഠനഫലം, നല്ല ഫലം നേടാൻ സഹായിച്ച ഭരണപ്രക്രിയകൾ എന്നിവ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സംസ്ഥാനത്തിന്റെ  പ്രകടനം വിലയിരുത്തിയത്. പഠനഫലങ്ങളെ തന്നെ നാലായി തിരിച്ചായിരുന്നു ഗുണനിലവാര പട്ടിക തയ്യാറാക്കൽ. വിദ്യാർത്ഥികളുടെ പരി‍ജ്ഞാനം, പ്രവേശന മികവ്, പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ,അവയുടെ തുല്യമായ വിതരണം എന്നിവയാണ് കണക്കിലെടുത്തത്. ഇതിൽ വിദ്യാർത്ഥികളുടെ പഠനമികവ് ആണ് കൂടുതൽ മാർക്ക് നേടുന്നതിന് കേരളത്തിലെ സ്കൂളുകളെ പ്രാപ്തമാക്കിയത്.

പഠനനിലവാരം ഉയർത്തി വിവിധ പദ്ധതികൾ

ശ്രദ്ധ, മധുരം മലയാളം, സുരിലി ഹിന്ദി, ഗണിതം വിജയം തുടങ്ങിയ സംരംഭങ്ങൾ അക്കാദമിക് നിലവാരം ഗണ്യമായി ഉയർത്താൻ സംസ്ഥാനത്തെ സഹായിച്ചു. മിടുക്കരായ വിദ്യാർത്ഥികളെ പുതിയ വിജ്ഞാന മേഖലകൾ തേടാൻ സഹായിച്ചുകൊണ്ട് സ്കൂൾ പാഠ്യപദ്ധതിക്ക് മാറ്റം വരുത്തി. ഒപ്പം തന്നെ ശരാശരിയിലും താഴെയുള്ള വിദ്യാർത്ഥികളെ സഹായിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറയുന്നു.

മലയാള ഭാഷയിലെ പഠന-സംസാര വൈദഗ്ദ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മധുരം മലയാള സംരംഭം. എല്ലാ അപ്പർ പ്രൈമറി സ്കൂളുകളിലും ഹിന്ദി പഠനം മെച്ചപ്പെടുത്തുന്നതിനായി സുരിലി ഹിന്ദി അവതരിപ്പിച്ചു. കണക്കിൽ പിന്തുണ വേണ്ട വിദ്യാർത്ഥികൾക്കായി ഗണിതം വിജയം എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി, അധ്യാപക ഹാജർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സൂചകങ്ങൾ, സേവനരംഗത്തെ അധ്യാപകരുടെ തൊഴിൽപരത , സ്കൂൾ നേതൃത്വം, ഉത്തരവാദിത്തം, അധ്യാപക നിയമനത്തിലെ സുതാര്യത, സാമ്പത്തിക അച്ചടക്കം എന്നിവ കൈവരിക്കാൻ സഹായിച്ച ഭരണമികവിനുള്ള വിഭാഗത്തിലും സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി. 79% സ്‌കോർ നേടിയാണ് പട്ടികയിൽ കേരളം ഒന്നാമതെത്തിയത്.

click me!