ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല, രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും സുപ്രീംകോടതിയിൽ

By Web TeamFirst Published Oct 1, 2019, 12:27 PM IST
Highlights

ലാവലിൻ കേസ് ഇന്ന് പരിഗണിക്കേണ്ടതില്ലെന്നും രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച്. 

ദില്ലി: എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല. ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് ഇന്ന് കേസ് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണനയ്ക്ക് വരില്ലെങ്കിലും ഒക്ടോബർ രണ്ടാം വാരം ലാവലിൻ കേസ് സുപ്രീംകോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥരായ കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവർ വിചാരണ നേരിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണിപ്പോൾ സുപ്രീംകോടതി മാറ്റി വച്ചിരിക്കുന്നത്. 

സിബിഐയ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും ഹാജരായി. തീർത്തും നിർണായകമായ കേസാണിതെന്ന് തന്നെ സൂചിപ്പിച്ചുകൊണ്ടാണ് എഎസ്‍ജി തന്നെ കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരായത്. അതുകൊണ്ടുതന്നെ ഇതിന് വലിയ രാഷ്ട്രീയപ്രാധാന്യവും കൈവരുന്നു. 

കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാർ അപേക്ഷ നൽകിയിരുന്നു. എന്നാൽ വ്യക്തികളെ കക്ഷി ചേരാൻ അനുവദിക്കരുതെന്ന് പിണറായിക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ആവശ്യപ്പെട്ടു. എങ്കിൽ കേസ് ഇന്ന് മാറ്റി വയ്ക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിക്കാതെ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് സിബിഐ അഭിഭാഷകനും പറഞ്ഞു.

ഇതേ കോടതിയിൽ ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മണി മുതൽ ജമ്മുകശ്മീര്‍ ഹര്‍ജികളാണ് ആദ്യം പരിഗണിച്ചത്. ഇതിൽ വിശദമായ വാദം നടന്നില്ലെങ്കിൽപ്പോലും, ഇന്നിനി കേസ് പരിഗണിക്കേണ്ടെന്ന് ബഞ്ച് തീരുമാനിക്കുകയായിരുന്നു. 

എന്താണ് ലാവലിൻ കേസ്?

2017 ഓഗസ്റ്റ് 23-ന് പിണറായി വിജയനെയും ഉദ്യോഗസ്ഥരായ കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയിലെത്തിയത്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നൽകിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്.

കേസിൽ സിബിഐക്ക് വേണ്ടി തുഷാര്‍മേത്ത എത്തുന്നു എന്നത് പ്രധാനമാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അഴിമതി കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോൾ ഹാജരാകുന്നത് തുഷാര്‍മേത്തയാണ്. ചിദംബരം ഉൾപ്പെട്ട ഐഎൻഎക്സ് മീഡിയ കേസ്, ഡി കെ ശിവകുമാറിനെതിരായ ഇഡി കേസ്, നാഷണൽ ഹെറാൾഡ് കേസ്, റോബര്‍ട്ട് വാദ്രക്കെതിരായ കേസ് തുടങ്ങി എല്ലാ പ്രധാന കേസുകളിലും തുഷാര്‍മേത്തയാണ് സിബിഐയുടെ അഭിഭാഷകൻ. ഇതുവരെ ഹാജരായിരുന്ന അഡീഷണൽ സോളിസിറ്റര്‍ ജനറൽ പിങ്കി ആനന്ദിനെ മാറ്റിയാണ് തുഷാര്‍ മേത്ത എത്തുന്നത്. 

ഇനി കേസ് പരിഗണിക്കുമ്പോൾ അന്തിമവാദം കേൾക്കൽ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെടും. ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ വിചാരണ നേരിടണോ വേണ്ടയോ എന്നതിലാകും സുപ്രീംകോടതി തീരുമാനം.

click me!