ബന്ദിപ്പൂര്‍; സമരത്തിന് ഐക്യദാര്‍ഢ്യം, സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

By Web TeamFirst Published Oct 1, 2019, 11:42 AM IST
Highlights

രാത്രികാല യാത്രാ നിരോധനം തന്നെ ജനജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തുമ്പോഴാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നതെന്ന് ചെന്നിത്തല 

തിരുവനന്തപുരം: ബന്ദിപ്പൂര്‍  ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഏഴാംദിവസത്തിലേക്ക് കടന്ന സുല്‍ത്താന്‍ബത്തേരിയിലെ യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരത്തിന് ചെന്നിത്തല ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രികാല യാത്രാ നിരോധനം തന്നെ ജനജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തുമ്പോഴാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നതെന്ന് ചെന്നിത്തല കത്തില്‍ ആരോപിച്ചു. 

മൂന്ന് സംസ്ഥാനങ്ങളിലെ  ജനങ്ങളുടെ ജീവ നാഡിയാണ് ഈ പാത. നിരവധി ജനങ്ങളാണ് തങ്ങളുടെ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി  ഈ പാത ദിവസേന ഉപയോഗിക്കുന്നത്. വയനാടിനെ ഒറ്റപ്പെടുത്താനും വികസന മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ പരിഷ്‌കരണമാണിത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഇതിനെതിരെ ഒറ്റകെട്ടായി സമരമുഖത്താണ്. വയനാട് എംപി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്. പൂര്‍ണമായ യാത്രാ നിരോധനത്തില്‍ ആശങ്കയിലായ കര്‍ഷക കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേരേ അധികൃതര്‍ കണ്ണടയ്ക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ വയനാട്ടില്‍ പ്രതിഷേധം ആരംഭിച്ചത്. അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേ നിരോധനം പകലും കൂടി നീട്ടാമോയെന്ന്  വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു.

നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്തഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.  

Read Also: ബന്ദിപ്പൂര്‍; രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് എ കെ ശശീന്ദ്രന്‍...

 

click me!