
തിരുവനന്തപുരം: കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന്, 70 വയസും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും.
കേരളത്തിന്‍റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്ന് മുതൽ ഏഴ് വരെ സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് ഏഴ് ശതമാനം വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്ന് മുതൽ 30 വരെ 10 ശതമാനം വിലക്കുറവും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനും പുറമെയാണിത്.
അതേസമയം, സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ് സപ്ലൈകോ. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam