
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ കീഴിലെ വിവിധ കോളജുകളിൽ നിന്നും മത്സരിച്ച് ജയിച്ച 39 കൗണ്‍സിലർമാർക്ക് അയോഗ്യത പ്രഖ്യാപിച്ചു. പ്രായം പരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ കഴിയാത്തവരും വിജയിച്ചുവെന്നുവെന്നാണ് സർവ്വകലാശാല സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ് എഫ് ഐ നേതാവായിരുന്ന വിശാഖ് നടത്തിയ ആള്‍മാറാട്ട കേസിനെ തുടർന്നായിരുന്നു സർവ്വകലാശാല സിൻഡിക്കേറ്റ് വിശദമായ അന്വേഷണം നടത്തി 39 കൗൺസിലർമാർക്ക് അയോഗ്യത തീരുമാനിച്ചത്.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ് എഫ് ഐ പാനലിൽ കൗണ്‍സിലറായി വിജയിച്ച വിദ്യാർത്ഥിനിക്ക് പകരം നേതാവായ വിശാഖിന്‍റെ പേരാണ് പ്രിൻസിപ്പൽ സർവ്വകലാശാലയെ അറിയിച്ചത്. പ്രായപരിധി കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത വിശാഖാണ് സർവ്വകലാശാല തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള കൗണ്‍സിലറുടെ പട്ടികയിൽ കയറികൂടിയത്. തട്ടിപ്പ് പുറത്തുവന്നതോടെ എല്ലാ കോളജുകളിലെയും കൗണ്‍സിലർമാരെ കുറിച്ച് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
സർവ്വകലാശാലക്ക് കീഴിലുള്ള 183 കോളജുകള്‍ക്ക് ഗൂഗുള്‍ ഫോർമാറ്റ് വഴി വിശദാംശങ്ങള്‍ നൽകാൻ ആവശ്യപ്പെട്ടു. 147 കോളജുകള്‍മാത്രമാണ് വിശദാംശങ്ങള്‍ അറിയിച്ചത്. വിജയിച്ചവരുടെ ജനനതീയതിയും അറ്റൻഡൻസും പരീക്ഷ ഫലമടക്കമാണ് ശേഖരിച്ചത്. ലിംങ്തോ കമ്മീഷൻ നിർദ്ദേശങ്ങള്‍ മറികടന്ന് മത്സരിച്ച 39 കൗണ്‍സിലർമാരെ അയോഗ്യരാക്കാൻ വൈസ് ചാൻചാൻസിലർ ഡോ. മോഹൻ കുന്നുമ്മലിന്‍റെ നേതൃത്വത്തിൽ ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനം എടുത്തത്.
ആള്‍മാറാട്ടം ശ്രദ്ധയിൽപ്പെട്ടതോടെ കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തെരഞ്ഞെടുപ്പിനായി ചെലവാക്കിയ 1,55,938 കോളജിൽ നിന്നും ഈടാക്കാനും സിൻഡികേറ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് വ്യാജ പാസ്വേർഡ് ഉപയോഗിച്ച് കൃത്യമം നടത്തിയ ഡ്രിഗ്രി വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാനും തീരുമാനിച്ചു. ക്രിത്യമം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതല്ലാതെ സർവ്വകലാശാല തുടർനടപടികളൊന്നും സ്വീകരിച്ചില്ല. സർട്ടിഫിക്കറ്റ് ഒരു വിദ്യാർത്ഥിക്ക് നൽകാൻ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam