
തിരുവനന്തപുരം: ആവശ്യമെങ്കിൽ ആരോഗ്യസർവ്വകലാശാല വിദ്യാർത്ഥികളുടെ പരീക്ഷകൾ മാറ്റിവെക്കുമെന്ന് വൈസ് ചാൻസിലർ ഡോ മോഹൻ കുന്നുമ്മൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലാണ് വിസി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. ക്വാറന്റൈൻ കേന്ദ്രങ്ങളായ ഹോസ്റ്റലുകൾ ഒഴിപ്പിച്ച് അണുനശീകരണം നടത്തിയ ശേഷമേ പരീക്ഷകൾ നടത്തൂ. അതിന് കഴിഞ്ഞില്ലെങ്കിൽ പരീക്ഷ നടത്തില്ല എന്നാണ് വിസി പറഞ്ഞത്.
കൊവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യസർവ്വകലാശാല വിദ്യാർത്ഥികളുടെ പരീക്ഷ നടത്താൻ തീരുമാനിച്ചത് വലിയ എതിർപ്പുകൾക്കിടയാക്കിയിരുന്നു. പരീക്ഷാ അറിയിപ്പ് വളരെ താമസിച്ചാണ് ലഭിച്ചതെന്ന് വിദ്യാർത്ഥികൾ പരാതി പറയുന്നു. പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്. പലരും കണ്ടെയിൻമെന്റ് സോണുകളിൽ നിന്ന് വരേണ്ടവരാണ്. ഇവർക്കൊന്നും പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാനായിട്ടില്ല.
ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതും വലിയ പ്രതിസന്ധിയ്ക്കിടയാക്കിയിട്ടുണ്ട്. പല ഹോസ്റ്റലുകളും നിലവിൽ ക്വാറന്റൈൻ കേന്ദ്രങ്ങളാണ്. അങ്ങനെയൊരു അവസ്ഥയിൽ ഹോസ്റ്റലിൽ താമസിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് കഴിയില്ല. പലരുടെയും പുസ്തകങ്ങളും പഠനസാമഗ്രികളും ഉൾപ്പടെയുള്ളവ ഹോസ്റ്റൽ മുറികളിലായിപ്പോയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികളിൽ പലരുടെയും പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ നടന്നിരുന്നില്ല. വളരെക്കുറച്ച് വിദ്യാർത്ഥികൾ മാത്രമായതിനാൽ പരീക്ഷ ഇപ്പോൾ നടത്താമെന്നാണ് സർവ്വകലാശാല തീരുമാനിച്ചത്. ഇക്കാര്യം വിവിധ കോളേജ് പ്രിൻസിപ്പാളുമാരുമായും ചർച്ച ചെയ്തിരുന്നെന്നും അവർ അനുകൂല നിലപാട് സ്വീകരിച്ചെന്നുമാണ് വിസി പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam