എംബിഎ പുനർമൂല്യനിർണയ വിവാദം: വിശദീകരണവുമായി കേരള സര്‍വകലാശാല

By Web TeamFirst Published Aug 20, 2021, 3:54 PM IST
Highlights

ബിരുദാനന്തര ബിരുദ പരീക്ഷകള്‍ക്ക് ആദ്യ മൂല്യ നിര്‍ണ്ണയം അതാത് വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യ നിര്‍ണ്ണയം സര്‍വകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്

തിരുവനന്തപുരം: എംബിഎ പുനര്‍മൂല്യനിര്‍ണ്ണയത്തിൽ വിശദീകരണവുമായി കേരള സര്‍വകലാശാല. അധ്യാപകൻ ബോധപൂര്‍വ്വം  പകതീര്‍ക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകള്‍ അക്കാദമിക വിദഗ്ധര്‍ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. റെഗുലേഷന് വിരുദ്ധമായി പുനര്‍മൂല്യനിര്‍ണ്ണയം നടത്തില്ലെന്നും കേരള സര്‍വകലാശാല വ്യക്തമാക്കി.

കേരളാ സര്‍വകശാല ചട്ടം അനുസരിച്ച് ബിരുദാനന്തര ബിരുദ പരീക്ഷകള്‍ക്ക് ആദ്യ മൂല്യ നിര്‍ണ്ണയം അതാത് വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യ നിര്‍ണ്ണയം സര്‍വകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. ഈ മൂല്യനിര്‍ണ്ണയങ്ങളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ പത്ത് ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മാത്രം മൂന്നാമതും മൂല്യ നിര്‍ണ്ണയം നടത്താം. എന്നാല്‍ എംബിഎ തോറ്റ മാനേജ്മെന്‍റ് ഇൻസ്റ്റ്യൂട്ടിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ട് തവണ മൂല്യ നിര്‍ണ്ണയം നടത്തിയപ്പോഴും പത്ത് ശതമാനത്തില്‍ താഴെയാണ് മാര്‍ക്ക്. ഇവര്‍ക്കാണ് സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് മൂല്യ നിര്‍ണ്ണയം നടത്താൻ തീരുമാനമെടുത്തത്. ഐഎംകെ ഡയറക്ടറും ക്രഡിറ്റ് ആന്‍റ് സെമസ്റ്റര്‍ വൈസ് ചെയര്‍മാനും എസ്എഫ്ഐ പ്രതിനിധിയും പങ്കെടുത്ത യോഗം ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല ഈ തീരുമാനം എടുത്തത്. തങ്ങളുടെ ആവശ്യപ്രകാരമാണ് മൂന്നാമതും പുനര്‍മൂല്യനിര്‍ണ്ണയം നടത്താൻ തീരുമാനിച്ചതെന്ന എസ്എഫ്ഐയുടെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.

അധ്യാപകര്‍ മനപൂര്‍വ്വം തോല്‍പ്പിക്കാൻ ശ്രമിച്ചത് കൊണ്ടാണ് മൂന്നാമതും പുനര്‍മൂല്യനിര്‍ണ്ണയം നടത്താൻ ആവശ്യപ്പെട്ടതെന്നാണ് എസ്എഫ്ഐ നൽകിയ വിശദീകരണം. ഇതേ വിശദീകരണമാണ് ഇപ്പോൾ കേരള സർവകലാശാലയും നടത്തുന്നത്. സാങ്കേതിക സര്‍വകലാശാല മുൻമന്ത്രി കെടി ജലീലിന്‍റെ നിര്‍ദേശാനുസരണം മൂന്നാം തവണയും പുനര്‍മൂല്യ നിര്‍ണ്ണയം നടത്തി ബിടെക് വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചത് വൻവിവാദമായിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!