വിസി നിർണ്ണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കുമോ? കേരള സർവ്വകലാശാല സെനറ്റ് യോഗം ഒക്ടോബര്‍ പതിനൊന്നിന്

By Web TeamFirst Published Oct 2, 2022, 2:36 PM IST
Highlights

പതിനൊന്നിനുള്ളിൽ പ്രതിനിധിയെ നി‍ർദ്ദേശിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം ചേരുന്നത്.

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് യോഗം പതിനൊന്നിന് ചേരും. വിസി നിർണ്ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം ചേരുന്നത്. പതിനൊന്നിനുള്ളിൽ പ്രതിനിധിയെ നി‍ർദ്ദേശിച്ചില്ലെങ്കിൽ വിസിക്കെതിരെ നടപടി എടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നുമായിരുന്നു ഗവർണ്ണറുടെ ഭീഷണി. യോഗം ചേരാൻ തിയ്യതി തീരുമാനിച്ചെങ്കിലും പ്രതിനിധിയെ നിർദ്ദേശിക്കുന്നതിൽ സർവ്വകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെനറ്റ് തീരുമാനമനുസരിച്ച് തുടർനടപടികളിലേക്ക് പോകാനാണ് രാജ്ഭവൻ നീക്കം.

ഉടക്കിട്ട വിസിക്കെതിരെ ചാൻസലര്‍ കടുത്ത ഭീഷണി ഉയർത്തുന്നത് തന്നെ അസാധാരണ നടപടിയാണ്. സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും വിസി വഴങ്ങിയിരുന്നില്ല. രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നും അതിന് മറുപടി വേണമെന്നും വിസി രണ്ട് തവണ കത്തിലൂടെ ഉന്നയിച്ചതോടെയാണ് ഗവർണ്ണർ കുപിതനായത്. കഴിഞ്ഞ ദിവസം  രാജ്ഭവൻ വിസിക്ക് നൽകിയ  കത്ത് അസാധാരണ സ്വഭാവത്തിലുള്ളതായിരുന്നു.

ഒക്ടോബ‍ര്‍ 11 നുള്ളിൽ പ്രതിനിധിയെ നിർദ്ദേശിച്ചില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന് വിസിക്ക് കത്തിലൂടെ ഗവര്‍ണര്‍ മുന്നറിയിപ്പ് നൽകി. ചാൻസ്ലറുടെ അധികാരം ഉപയോഗിച്ച് സെനറ്റ് തന്നെ പിരിച്ചുവിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായി. ഇതിന് പിന്നാലെയാണ്  സെനറ്റ് യോഗം ചേരുമെന്ന മറുപടി രാജ്ഭവന് കേരള സവർവ്വകലാശാല നൽകിയത്. യോഗം വിളിക്കുന്നതിനപ്പുറം എന്ത് തുടർ നടപടിയെടുക്കണമെന്നതിൽ സർവ്വകലാശാലക്ക് ആശയക്കുഴപ്പമുണ്ട്. 

സർക്കാറിനൊപ്പം ചേർന്ന് പ്രതിനിധിയെ നൽകാതിരിക്കാൻ എടുത്ത മുൻ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണോ അതോ ഗവർണ്ണർക്ക് കീഴടങ്ങി പ്രതിനിധിയെ നൽകണോ എന്നതിൽ അണിയറയിൽ ചർച്ച തുടരുകയാണ്. സെനറ്റ് ചേർന്ന് ഗവർണ്ണറുടെ വിമർശിച്ച് വീണ്ടും പ്രമേയം പാസ്സാക്കിയാൽ രാജ്ഭവൻ കടുത്ത നടപടികളിലേക്ക് പോകുമെന്നുറപ്പാണ്. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടുന്ന സർവ്വകലാശാല ഭേദഗതി ബില്ലിൽ എന്തായാലും ഗവർണ്ണർ ഒപ്പിടില്ല. നിയമവിദഗ്ധരുമായും രാഷ്ട്രീയനേതാക്കളുമായി സർവ്വകലാശാല ആലോചന തുടരുകയാണ്. ഈ മാസം 24നാണ് നിലവിലെ വിസിയുടെ കാലാവധി തീരുന്നത്. 

click me!