
തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ കേരള ഗവർണർ ആരിഫ് ഖാന് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരോപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. ഇതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.
പിന്നീട് ഗവർണർ നേരിട്ട് വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ചാൻസലർക്ക് താത്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്. കേസിൽ ഹൈക്കോടതി വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam