ഉള്ള് നീറി ആദിവാസി ഊരുകൾ; ജനനീ ജന്മരക്ഷാ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങൾ, അമ്മവീടിനെപ്പറ്റിയും അറിവില്ല

By Web TeamFirst Published Mar 24, 2023, 10:49 AM IST
Highlights

ഗർഭിണിയായി മൂന്നാം മാസം മുതൽ കുഞ്ഞിന് ഒരു വയസ് ആകുന്നത് വരെ മാസം 1000 രൂപ സഹായം. സ്വന്തം നിലയിൽ പോഷകാഹാരം വാങ്ങി കഴിക്കാനാണ് ഈ തുക. 2018 ൽ തുക രണ്ടായിരമാക്കി. 

വയനാട്: വയനാട് ആദിവാസി മേഖലകളിൽ ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി നടപ്പാക്കിയ മിക്ക പദ്ധതികളുടെയും ഗുണഫലം താഴെത്തട്ടിൽ എത്തുന്നില്ല. ശിശുമരണവും പോഷകാഹാരക്കുറവും പരിഹരിക്കാൻ നടപ്പാക്കിയ ജനനീ ജന്മരക്ഷ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങളായി. അടിയന്തിര വൈദ്യസഹായം വേണ്ടിവരാവുന്ന ഗർഭിണികളെ താമസിപ്പിക്കാൻ കോട്ടത്തറയിൽ സ്ഥാപിച്ച അമ്മവീടിനെപ്പറ്റി ആദിവാസികൾക്ക് അറിവു പോലുമില്ല.

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ​ഗർഭിണികളിലെയും നവജാത ശിശുക്കളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ നമ്മുടെ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജനനീ ജന്മരക്ഷ പദ്ധതി. അട്ടപ്പാടിയിലെ ശിശുമരണം ചർച്ചയായപ്പോൾ 2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ആദിവാസി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായി ജനനീ ജൻമ രക്ഷാപദ്ധതി പ്രഖ്യാപിച്ചത്. ഗർഭിണിയായി മൂന്നാം മാസം മുതൽ കുഞ്ഞിന് ഒരു വയസ് ആകുന്നത് വരെ മാസം 1000 രൂപ സഹായം. സ്വന്തം നിലയിൽ പോഷകാഹാരം വാങ്ങി കഴിക്കാനാണ് ഈ തുക. 2018 ൽ തുക രണ്ടായിരമാക്കി. 

വിശ്വനാഥന്‍റേയും കുളിയന്റേയും മരണം; ഉത്തരവാദികൾക്ക് തക്ക ശിക്ഷ നൽകണമെന്ന് കുടുംബം, ഉള്ളുനീറി ഊരുകൾ

അട്ടപ്പാടിയിലെ ചികിത്സ ധനസഹായങ്ങൾ, ഫണ്ടില്ല എന്ന കാരണത്താൽ വിതരണം ചെയ്യാതിരിക്കുന്നത് ഗുരുതരമായ കൃത്യ വിലോപം ആണെന്ന് കഴിഞ്ഞ മാർച്ചിൽ നിയമസഭ സമിതി  റിപ്പോർട്ട്‌ നൽകിയിരുന്നു. ഫണ്ട്‌ കൃത്യമായി വിതരണം ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ശുപാർശയും  സമിതി നൽകിയിരുന്നു. സാമൂഹിക സുരക്ഷാ പദ്ധതികളുടെ  ഗുണഫലം അർഹരായ ആദിവാസികളിലേക്ക് കൃത്യമായ എത്തിയില്ലെങ്കിൽ അട്ടപ്പടിയിൽ ഉണ്ടാകുന്നത് വംശീയ ഉന്മൂലനം ആയിരിക്കുമെന്ന മുന്നറിപ്പോടെയാണ് നിയമസഭാ സമിതി അന്ന് റിപ്പോർട്ട് അവസാനിപ്പിച്ചത്.

ബിനോയ്‌ വിശ്വം എംപിയുടെ ഫണ്ടിൽ നിന്ന്  57 ലക്ഷം മുടക്കി 2017ൽ പണി തുടങ്ങി എങ്കിലും ഈ മാസം ആദ്യം  മാത്രമാണ്, അമ്മ വീട് നിർമാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമായത്. എന്തിനാണ് അമ്മവീടെന്ന് കോട്ടത്തറ മെഡിക്കൽ സൂപ്രണ്ട് തന്നെ വിശദീകരിക്കും.  അമ്മവീട് അടക്കമുള്ള കാര്യങ്ങൾ ഊരുകളിൽ  വിശദീകരിക്കേണ്ടത് ട്രൈബൽ പ്രൊമോട്ടർമാരാണ്. എന്നാൽ, ഈ സൗകര്യത്തെപ്പറ്റി ഗർഭിണികൾക്ക് ആർക്കും അറിയില്ല. 

കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗക്കാർ ജീവിക്കുന്ന അട്ടപ്പാടിയിൽ മാത്രം കഴിഞ്ഞ 8 വർഷത്തിനിടെ ആദിവാസി  ക്ഷേമത്തിനായി ചിലവഴിച്ചത് 250 കോടിയിലേറെ രൂപയാണ്. എന്നിട്ടും ഇപ്പോഴും ശിശുമരണങ്ങളുടെ വാർത്തകൾ വരുന്നു. വേണ്ടതിലേറെ ക്ഷേമ പദ്ധതികളും സഹായങ്ങളും ഉണ്ടായിട്ടും അട്ടപ്പാടിയുടെ ദൈന്യത എന്തുകൊണ്ട് തുടരുന്നു എന്നതിന് ഒരുത്തരമേയുള്ളൂ. യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിലും പരിഹാരം കണ്ടെത്തുന്നതിലുമുള്ള വീഴ്ചയും അലംഭാവവും.

click me!