
കൊച്ചി: കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർന്നടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.
പുതിയ വിസിയെ കണ്ടെത്താൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടാൽ മാത്രം നോമിനിയെ നൽകാമെന്ന പ്രമേയം കഴിഞ്ഞ ദിവസം സെനറ്റ് യോഗം പാസ്സാക്കിയിരുന്നു. സിപിഎം സെനറ്റ് അംഗങ്ങളെ എകെജി സെന്‍ററിലേക്ക് പാർട്ടി നേതൃത്വം വിളിച്ചുവരുത്തി ഗവർണ്ണർക്കെതിരായ നിലപാട് കടുപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
സെനറ്റ് യോഗം ചേർന്ന് സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി പരസ്യമായി ഉറപ്പ് നൽകിയത്. എന്നാൽ ഗവർണ്ണർ- സർക്കാർ പോര് കടുത്തിരിക്കെ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. ഏകപക്ഷീയമായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു ഓഗസ്റ്റിൽ ചേർന്ന സെനറ്റിലെ പ്രമേയം. അതിൽ കമ്മിറ്റി പിരിച്ചുവിട്ടാൽ മാത്രം നോമിനിയെന്ന ഭേദഗതി വരുത്തി വീണ്ടും ഗവർണർക്കെതിരെ പ്രമേയം പാസ്സാക്കുകയായിരുന്നു.
70 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യുഡിഎഫിന്‍റെ 7 പേർ എതിർത്തു. സെനറ്റ് വഴങ്ങാത്ത സാഹചര്യത്തിൽ ഇനി ഗവർണ്ണറുടെ അടുത്ത നീക്കമാണ് പ്രധാനം. സെർച്ച് കമ്മിറ്റിയുടെ കാലാവധി അടുത്തിടെ മൂന്ന് മാസത്തേക്ക് കൂടി രാജ്ഭവൻ നീട്ടിയിരുന്നു. സെനറ്റ് പ്രതിനിധി ഇല്ലാതെ തന്നെ വിസി നിയമനവുമായി ഒരു പക്ഷം ഗവർണർ മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam