'മധുവിൻ്റേത് കസ്റ്റഡി മരണമല്ല', മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

By Web TeamFirst Published Nov 7, 2022, 3:17 PM IST
Highlights

പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിൽ ആയിരുന്നു. മധുവിന് മർദ്ദിച്ചത് ആൾക്കൂട്ടമാണെന്നും റിപ്പോർട്ടിൽ പറയുന്നു...

പാലക്കാട് : അട്ടപ്പാടി മധു കേസിലെ മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മധുവിൻ്റേത് കസ്റ്റഡി മരണമല്ലെന്നാണ് മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വ്യക്തമാക്കുന്നത്. മധു മരിച്ചത് പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ ആണെങ്കിലും കസ്റ്റ‍ഡി മരണമല്ല. പൊലീസ് മർദ്ദിച്ചതിൻ്റെ യാതൊരു തെളിവുകളും ലക്ഷണങ്ങളുമില്ല. പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിൽ ആയിരുന്നു. മധു ഛർദ്ദിച്ചപ്പോൾ അഗളി ആശുപത്രിയിൽ എത്തിച്ചത് മൂന്ന് പൊലീസുകാരാണ്. മധുവിന് മർദ്ദിച്ചത് ആൾക്കൂട്ടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ണാർക്കാർട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന എം രമേശനെ ബുധനാഴ്ച വിസ്തരിക്കും. നവംബർ ഒമ്പതിനാകും രമേശനെ വിസ്തരിക്കുക. 

നാല് വർഷം മുമ്പ് നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇത്. റിപ്പോർട്ട് ഇതുവരെ കേസ് ഫയലിനൊപ്പം ചേർന്നിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകിയത്. കേസ് ഫയലുകൾക്കൊപ്പം മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾ ഇല്ലാത്തത് അപാകതയാണെന്ന വാദം പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഇത് അം​ഗീകരിച്ചുകൊണ്ടാണ് കോടതി റിപ്പോർട്ടുകൾ വിളിച്ച് വരുത്തിയത്. 

ഇതാദ്യമായാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് പുറത്തുവരുന്നത്. മണ്ണാർക്കാട് എസ് സി എസ് ടി വിചാരണ കോടതിയിൽ ആയിരുന്നു റിപ്പോർട്ട് ഹാജരാക്കിയത്. മണ്ണാർക്കാർട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന എം രമേശൻ, അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ് എന്നിവർ നടത്തിയ അന്വേഷണ റിപ്പോർട്ടുകളാണ് ഇത്. 

Read More : മധുകൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ട‍ർക്ക് ഒരു രൂപ പോലും നൽകാതെ സർക്കാ‍ർ,രേഖാമൂലം നൽകിയ കത്തിനും മറുപടിയില്ല

click me!