
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി - റജിസ്ട്രാർ തർക്കം തുടരുകയാണ്. റജിസ്ട്രാർ കെ എസ് അനിൽ കുമാർ ഇന്ന് ഓഫീസിൽ എത്തിയാൽ ഇടപെടാനാണ് വൈസ് ചാൻസലറുടെ തീരുമാനം. റജിസ്ട്രാർ ഓഫീസിൽ എത്തിയാൽ തടയാൻ സുരക്ഷാ ഓഫീസർക്ക് നിർദേശം നൽകി. സസ്പെൻഷനിലുള്ള റജിസ്ട്രാർക്ക് അധികാരം ഇല്ലെന്ന് ആവർത്തിക്കുകയാണ് വിസി. അതേസമയം റജിസ്ട്രാർക്ക് തുടരാമെന്നാണ് സിൻഡിക്കേറ്റിന്‍റെ പ്രഖ്യാപനം. വിസിയും റജിസ്ട്രാറും ഇന്ന് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. വിസി വന്നാൽ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചു.
അവധി ചോദിച്ച റജിസ്ട്രാർ അനിൽ കുമാറിനോട്, സസ്പെൻഷനിലായ റജിസ്ട്രാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. തന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു റജിസ്റ്റാറുടെ മറുപടി. അനിൽകുമാർ ഇന്ന് ഓഫീസിൽ എത്തുമോ എന്നതിൽ ആകാംക്ഷ നിലനിൽക്കുകയാണ്.
ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധമുണ്ട്. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.
ജൂലൈ 9 മുതലാണ് റജിസ്ട്രാർ അവധിക്ക് അപേക്ഷിച്ചത്. തന്‍റെ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹൻ കുന്നുമ്മൽ മറുപടിയായി നൽകിയത്.
വിസിയുടെ മറുപടിക്ക് അധികം വൈകാതെ തന്നെ അനിൽകുമാർ മറുപടിയും നൽകി. താൻ സസ്പെൻഷനിൽ അല്ലെന്നും തന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയതാണെന്നും അനിൽകുമാർ ഇമെയിലിൽ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണ്. ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിർദേശിച്ചത്. അവധി അപേക്ഷ നൽകിയത് അനിശ്ചിതകാലത്തേക്ക് അല്ലെന്നും റജിസ്ട്രാർ തന്‍റെ രണ്ടാമത്തെ ഇമെയിലിൽ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam