കൈക്കൂലി പങ്കുവെക്കാൻ 'വാക്കി ടോക്കി'; ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കണ്ടെത്തൽ

By Web TeamFirst Published Aug 13, 2021, 7:23 PM IST
Highlights

മോട്ടോർ വാഹന വകുപ്പിൻറെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വ്യാപകമായി കൈക്കൂലി തുടരുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലൂടെ പുറത്തുവന്നിരുന്നു

തിരുവനന്തപുരം: അതിർത്തി ചെക് പോസ്ററുകളിൽ കൈക്കൂലി പങ്കുവെക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാക്കി ടോക്കി ഉപയോഗിക്കുന്നുവെന്ന് വിജിലൻസ്. പാലക്കാട് വാളയാർ ചെക്ക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മൂന്ന് വാക്കി ടോക്കികള്‍ കണ്ടെത്തിയത്. 

ഓപ്പറേഷൻ ബ്രഷ്ട് നിർമൂലൻ എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന. മോട്ടോർ വാഹന വകുപ്പിൻറെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വ്യാപകമായി കൈക്കൂലി തുടരുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലൂടെ പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റ് വാർത്ത ശരിവെക്കുന്നതായിരുന്നു വിജിലൻസിൻറെ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകള്‍. 

കൈക്കൂലി പങ്കുവെക്കാനും പിരിക്കാനുമായി വാക്കി ടോക്കി വരെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് മൂന്ന് വാക്കി ടോക്കികള്‍ പിടികൂടിയത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഉപയോഗിക്കുന്ന വാക്കി ടോക്കികള്‍ കൈക്കൂലി ഇടപാടിനു വേണ്ടിയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയപ്പോള്‍ ചെക്ക് പോസ്റ്റിന് സമീപമുള്ള മരത്തിന് ചുവട്ടിൽ കുറേ പൊതികള്‍ വിജിലൻസ് സംഘം കണ്ടു. കൈക്കൂലി പണം പൊതിഞ്ഞിട്ടിരിക്കുകയായിരുന്നു. കണ്ണൂർ, വയനാട്ടിലും തിരുവനന്തപുരത്തും ക്രമക്കേടുകല്‍ കണ്ടെത്തി. ഉദ്യോഗസ്ഥർ പരിശോധന നടത്താതെ വിട്ടയച്ച അമിതഭാരം കയറ്റിയ ലോറികള്‍ക്ക് വിജിലൻസ് ഉദ്യോഗസ്ഥർ പിഴയീടാക്കി.
 

click me!