ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയ്ക്ക് പിന്നിൽ വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Aug 13, 2021, 7:02 PM IST
Highlights

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ

കൊച്ചി: വിവാദമായ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനക്ക് പിന്നിൽ വിദേശ ബന്ധം തെളിയിക്കാനായിട്ടില്ലെന്ന് കേരള ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പറയാനാകില്ല. 25 വർഷം മുൻപുണ്ടായ കേസിന്റെ ഗൂഢാലോചനയിൽ  ഉദ്യോഗസ്ഥരെ ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

 

മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ഐബി ഉദ്യോഗസ്ഥരായ ആർ ബി ശ്രീകുമാർ, എസ് ജയപ്രകാശ് എന്നിവർക്കാണ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും  പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, കേസിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന നിലയിൽ പെരുമാറരുതെന്നും പ്രതികളോട് നിർദ്ദേശിച്ചു. 

രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു  മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടതായി സിബിഐയും ചൂണ്ടിക്കാട്ടി. അതേസമയം നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് ആർബി ശ്രീകുമാർ അടക്കം കോടതിയെ അറിയിച്ചത്. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

click me!