
തിരുവനന്തപുരം: എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം,ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ് സിഇആർടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്.
എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിയ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. എൻസിഇആർടി പുനസംഘടിപ്പിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാൻ കഴിയില്ലെന്നും ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെൻററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
'എൻസിഇആർടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ആറാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടിമാറ്റുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്. ഒരു തരത്തിലും കേരളം ഇത് അംഗീകരിക്കില്ല. എൻസിഇആർടി തന്നെ പുനസംഘടിപ്പിക്കണമെന്നാണ് ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം. മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ല. ബദൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാനൊന്നും തീരുമാനിച്ചിട്ടില്ല'- അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രം നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരളം തീരുമാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam