സ്ത്രീധന മോഹികൾക്കുള്ള ശക്തമായ താക്കീതാകും വിസ്മയ കേസിലെ കോടതിവിധി: പ്രതീക്ഷ പങ്കുവച്ച് വനിതാ കമ്മിഷന്‍

By Web TeamFirst Published May 23, 2022, 6:36 PM IST
Highlights

വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തു മാത്രമായി  സ്ത്രീയെ കാണുന്ന മനോഭാവത്തിനാണ് മാറ്റമുണ്ടാക്കിയെടുക്കേണ്ടത്. തീര്‍ച്ചയായും കേരള സമൂഹത്തിന് ശക്തമായ താക്കീതാണ് കോടതിയുടെ നിഗമനം

തിരുവനന്തപുരം: സ്ത്രീധനം ആഗ്രഹിച്ചുകൊണ്ടുനടക്കുന്ന വിവാഹങ്ങള്‍ക്കും അതുപോലെ സ്ത്രീധനം ചോദിച്ചുവാങ്ങുന്ന ആളുകള്‍ക്കുമെതിരേ ശക്തമായ താക്കീതായിമാറും വിസ്മയ കേസിലെ കോടതിവിധി എന്ന് പ്രതീക്ഷിക്കുകയാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേരളീയ സമൂഹം ആഗ്രഹിച്ചതരത്തിലുള്ള ഒരു വിധിതന്നെയാകും വിസ്മയാ കേസില്‍ കോടതി പുറപ്പെടുവിക്കുകയെന്നും സതീദേവി പ്രത്യാശ പ്രകടിപ്പിച്ചു.

വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾ

സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാറുണ്ടെങ്കിലും പലപ്പോഴും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്. സ്ത്രീധനമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ പീഡനം സംബന്ധിച്ച തെളിവുകള്‍ സമാഹരിച്ചുകൊടുക്കുന്നതിലെ കാലവിളംബവും അതുപോലെ സാക്ഷിമൊഴികള്‍ വളരെ അപര്യാപ്തമാകുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്ന രീതിയാണ് കഴിഞ്ഞ കാലഘട്ടങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളത്. വിസ്മയ കേസില്‍ കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പൊലിസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സമയബന്ധിതമായി അന്വേഷണ നടപടികള്‍ സ്വീകരിക്കാനും കോടതി മുമ്പാകെ ചാര്‍ജ് ഷീറ്റ് നല്‍കുന്നതിനും പൊലീസിന്റെ ഭാഗത്തുനിന്നുമുള്ള സമയബന്ധിതമായ നിലപാടാണ് ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് സഹായകമായത്. പ്രോസിക്യൂഷനും സമയബന്ധിതമായി കേസ് വിചാരണ പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുള്ള അതീവജാഗ്രതയോടെയുള്ള സമീപനം ശ്ലാഘനീയമാണ്.

സാംസ്‌കാരികമായി പ്രബുദ്ധതയുള്ള സംസ്ഥാനം എന്നു നാം പറയുമ്പോഴും സ്ത്രീകളോടുള്ള വീക്ഷണഗതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വര്‍ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വ്യക്തമാക്കുന്നത്. സ്ത്രീയെ കേവലം ഉപഭോഗ വസ്തുവായി മാത്രം വീക്ഷിക്കുന്ന വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തു മാത്രമായി  സ്ത്രീയെ കാണുന്ന മനോഭാവത്തിനാണ് മാറ്റമുണ്ടാക്കിയെടുക്കേണ്ടത്. തീര്‍ച്ചയായും കേരള സമൂഹത്തിന് ശക്തമായ താക്കീതാണ് കോടതിയുടെ നിഗമനം.

വിസ്‍മയക്കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ജാമ്യം റദ്ദാക്കി, ശിക്ഷാ വിധി നാളെ

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് ഇന്ന് രാവിലെയാണ് കോടതി വിധി പ്രസ്താവിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ്  കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണം, ചിലർ സ്ത്രീകളെ ഇപ്പോഴും അകറ്റി നിർത്തുന്നു: ഗവർണർ

click me!