സ്ത്രീശാക്തീകരണത്തിനായി കേരള വനിതാ കമ്മീഷൻ മുഖാമുഖം, നാളെ തുടക്കം, മന്ത്രിമാരടക്കം പങ്കെടുക്കും

Published : Oct 12, 2025, 01:33 PM IST
p sathidevi

Synopsis

കേരള വനിതാ കമ്മീഷൻ തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ചർച്ചകൾ നടക്കും. 

തിരുവനന്തപുരം : എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം സാധ്യമാക്കുന്നതിനായി കേരള വനിതാ കമ്മീഷൻ മുഖാമുഖം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് നാളെ ( 13 , തിങ്കൾ ) തുടക്കമാകും. സ്ത്രീകൾക്കും കുട്ടികൾക്കുമായി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികൾ കൃത്യമായി അവരിലെത്തിക്കുക, സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുക, എന്നീ ലക്ഷ്യങ്ങളുമായാണ് മുഖാമുഖം പരിപാടികൾ നടത്തുന്നതെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. പുതിയ ആശയങ്ങൾ വിവിധ മേഖലകളിലുള്ളവരിൽനിന്ന് ലഭിക്കേണ്ടതുമുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഇറങ്ങിച്ചെന്ന് സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലേക്കി പരിഹാര മാർഗം സർക്കാരിലേക്ക് ശിപാർശയായി സമർപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗംകൂടിയാണിത്.

ആദ്യ ദിനം (13, തിങ്കൾ ) "നാം മുന്നോട്ട് - സ്ത്രീശക്തി വരും നാളുകളില്‍" എന്ന വിഷയത്തിൽ കമ്മീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വുമണ്‍ ഫാസിലിറ്റേറ്റര്‍മാര്‍ എന്നിവരെ ഉൾപ്പെടുത്തിയുള്ളതാണ്. രാവിലെ പത്തിന് വനിതാ- ശിശു വികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം നിർവഹിക്കും. സർക്കാർ പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി ഗീനാകുമാരി വിഷയാവതരണം നടത്തും.

രണ്ടാം ദിനമായ ചൊവ്വാഴ്ച (14) "നൂതന കുടുംബശ്രീ സംരംഭങ്ങള്‍- സാധ്യത, അവലോകനം" എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടി രാവിലെ പത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. യുവതികളുടെ സാമൂഹിക, സാംസ്ക്കാരിക, ഉപജീവന ഉന്നമനത്തിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സൃഷ്ടിക്കുന്ന പുതിയ തൊഴിൽ സാധ്യതകൾ പരിപാടിയിൽ ചർച്ച ചെയ്യും. കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ സി വിഷയാവതരണം നടത്തും.

മൂന്നാം ദിനമായ ബുധനാഴ്‌ച (15) "സ്ത്രീശാക്തീകരണം ഉത്തരവാദിത്തടൂറിസത്തിലൂടെ" എന്നവിഷത്തിലുള്ളതാണ്. പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാവിലെ 10 ന് ഉദ്‌ഘാടനം നിർവഹിക്കും.ഉത്തരവാദിത്ത ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നത് പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ചർച്ചകൾ നടക്കുക.കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സി ഇ ഒ,രൂപേഷ് കുമാർ വിഷയാവതരണം നടത്തും. വിവിധ ടൂറിസം ക്ലബ്ബുകള്‍ , ഉത്തരവാദിത്തടൂറിസം രംഗത്തെ സ്ത്രീ സംരംഭകര്‍, വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ എന്നിവർ പങ്കെടുക്കും.

പരിപാടികളിൽ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ മുഖ്യാഥിതിയാകും.

 

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി