പ്രതിദിന കൊവിഡ് കേസുകളിൽ കേരളം മുന്നിൽ: മറ്റു സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ കുത്തനെ കുറഞ്ഞു

By Web TeamFirst Published Jun 20, 2021, 10:44 AM IST
Highlights

ഗോവയും മേഘാലയയുമാണ് ഇന്നലത്തെ കണക്കിൽ തൊട്ടുപിന്നിൽ.  എന്നാൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും കർണ്ണാടകവുമാണ് മുന്നിൽ. 

ദില്ലി: മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ കുറഞ്ഞു തുടങ്ങിയതോടെ രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം. ഇന്നലെ പ്രതിദിന കേസുകൾ പതിനായിരം കടന്നത് കേരളത്തിൽ മാത്രമാണ്. 10.22 ആണ് ഇന്നലെ കേരളത്തിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രണ്ട് ദിവസമായി ടിപിആർ മാറ്റമില്ലാതെ തുടരുകയാണ്. ടിപിആറും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 

ഗോവയും മേഘാലയയുമാണ് ഇന്നലത്തെ കണക്കിൽ തൊട്ടുപിന്നിൽ.  എന്നാൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും കർണ്ണാടകവുമാണ് മുന്നിൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിരോധമൊരുക്കി വ്യാപനം പിടിച്ചു നിർത്താനായതിനാലാണ് പ്രതിദിന കേസുകളുടെ എണ്ണം താഴേക്ക് വരുന്നതിന്റെ വേഗം സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നതെന്ന് ആരോഗ്യവിദഗദർ വിശദീകരിക്കുന്നു.     വ്യാപനം പാരമ്യത്തിലെത്തുന്നത് വൈകിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തൽ.  

തമിഴ്നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികളാണുള്ളത്.

അതേസമയം രാജ്യത്ത് രണ്ടാം തരംഗം നിയന്ത്രണത്തിലായതോടെ വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ്. ലോക്ക് ഡൗൺ ഇന്നലെ അവസാനിപ്പിച്ച തെലങ്കാന ജൂലൈ ഒന്നിന് സ്കൂളുകൾ തുറക്കാനുള്ള നീക്കത്തിലാണ്. ക‍ർണാടകയും ഇന്നലെ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. 
 

click me!