രണ്ട് ജില്ലകളെ കൂടി ഗ്രീൻ സോണിലേക്ക് മാറ്റാൻ കേരളത്തിന് താത്പര്യം, തടസമായി കേന്ദ്രത്തിൻ്റെ മാർഗനിർദേശം

By Web TeamFirst Published May 2, 2020, 2:10 PM IST
Highlights

നിലവിൽ കാസ‍ർകോട്, കണ്ണൂ‍ർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളാണ് കേരളത്തിൽ റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.


തിരുവനന്തപുരം: സംസ്ഥാനത്തെ സോണുകളുടെ പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. നിലവിൽ റെഡ് സോണിൽ ആറ് ജില്ലകളും ഗ്രീൻ സോണിൽ രണ്ട് ജില്ലകളും ഓറഞ്ച് സോണിൽ ആറ് ജില്ലകളുമാണുള്ളത്. നിലവിൽ ഓറഞ്ച് പട്ടികയിലുള്ള രണ്ട് ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. 

ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റണം എന്നാണ് സർക്കാരിന് മുന്നിലെത്തെയിരിക്കുന്ന നിർദേശം. രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളാണ് തൃശ്ശൂരും ആലപ്പുഴയും. എന്നാൽ ആഴ്ചകളായി രണ്ടിടത്തും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെല്ലാം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. അവരിൽ പലരും ഇതിനോടകം പതിനാല് ദിവസത്തെ നിരീക്ഷണ കാലയളവും പൂർത്തിയാക്കി കഴിഞ്ഞു. 

തുടർച്ചയായി 21 ദിവസം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഒരു ജില്ലയെ തീവ്രത കുറഞ്ഞ സോണിലേക്ക് മാറ്റാം എന്നാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ മാർഗനിർദേശത്തിൽ പറയുന്നത്. തൃശ്ശൂരിലും ആലപ്പുഴയിലും കഴിഞ്ഞ മൂന്നാഴ്ചയായി പുതിയ കൊവിഡ് കേസുകൾ ഇല്ലാത്തതിനാൽ ഈ മാനദണ്ഡം അനുസരിച്ച് സോൺ മാറ്റാം. 

എന്നാൽ കേന്ദ്രസർക്കാ‍ർ ഇപ്പോൾ പുറത്തിറക്കിയ പട്ടിക അനുസരിച്ച് ഇരുജില്ലകളും ഓറഞ്ച് സോണിലാണ്. കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ജില്ലകളെ തീവ്രത കുറഞ്ഞ സോണുകളിലേക്ക് മാറ്റാനാകില്ല. എന്നാൽ ​ഗ്രീൻ സോണിലുള്ള ജില്ലയെ ഓറഞ്ചിലേക്കോ ഓറഞ്ച് സോണിലുള്ള ജില്ലയെ റെഡ് സോണിലേക്കോ ഉയർത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അധികാരം നൽകിയിട്ടുണ്ട്. ഇളവുകൾ നൽകാനാണ് നിയന്ത്രണം. 

ഈ സാഹചര്യത്തിൽ ആലപ്പുഴയുടേയും തൃശ്ശൂരിൻ്റേയും സോൺ മാറ്റുന്ന കാര്യത്തിൽ സർക്കാർ നിയമവശം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ മൂന്നാം ഘട്ടം കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ മാർ​ഗ നി‍ർദേശം ഇന്ന് വൈകിട്ടോടെ സംസ്ഥാന സ‍ർക്കാ‍ർ പുറത്തുവിടും എന്നാണ് കരുതുന്നത്. 

അതേസമയം ​ഗ്രീൻ സോണുകളിൽ അൻപത് ശതമാനം യാത്രക്കാരുമായി ബസ് സ‍ർവ്വീസ് നടത്താൻ കേന്ദ്രസ‍ർക്കാ‍ർ അനുമതിയുണ്ടെങ്കിലും കേരളത്തിലെ ​ഗ്രീൻ സോണുകളിൽ ബസുകൾ ഓടാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടൊപ്പം മദ്യശാലകളും ബാ‍ർബ‍ർ ഷോപ്പുകളും തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും തത്കാലം ഇവ രണ്ടും വേണ്ടെന്നാണ് കേരളത്തിൻ്റെ തീരുമാനം. 

നിലവിൽ കാസ‍ർകോട്, കണ്ണൂ‍ർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളാണ് കേരളത്തിൽ റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. വയനാട്, എറണാകുളം ജില്ലകൾ ​ഗ്രീൻ സോണിലാണ്. പാലക്കാട്, തൃശ്ശൂ‍ർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. 

click me!