K rail| കെ റെയില്‍ പദ്ധതി; മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് സംസ്ഥാനം, തീരുമാനം കേന്ദ്രത്തെ അറിയിച്ചു

By Web TeamFirst Published Nov 11, 2021, 12:52 PM IST
Highlights

കഴിഞ്ഞമാസം മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. 

തിരുവനന്തപുരം: കെ റെയിൽ (k rail)  പദ്ധതിയുടെ  മുഴുവൻ കടബാധ്യതയും സംസ്ഥാനം വഹിക്കുമെന്ന് സർക്കാർ കേന്ദ്രത്തെ (central government)  അറിയിച്ചു. വായ്പയ്ക്ക് ഗ്യാരന്‍റി നിൽക്കാനാകില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് കേരളം തന്നെ ബാധ്യത ഏറ്റെടുക്കുമെന്ന് കാണിച്ച് കേന്ദ്രസർക്കാരിന് കത്തയച്ചത്. പ്രിൻസിപ്പിൽ സെക്രട്ടറി കെ ആർ ജ്യോതിലാലാണ് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന് കടബാധ്യത കേരളം വഹിക്കുമെന്ന് കത്തയച്ചത്. 

സംസ്ഥാനമയച്ച കത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നേരത്തെ റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കടബാധ്യത ഏറ്റെടുക്കാനില്ലെന്ന് അറിയിച്ചത്. 63,941 കോടി രൂപയാണ് സിൽവർ ലൈൻ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 33,700 കോടി രൂപയാണ് രാജ്യാന്തര ഏജൻസികളിൽ നിന്ന് കടമെടുക്കാൻ തീരുമാനിച്ചത്. ഇതിൽ പ്രധാന ബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.


കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്പയെടുക്കാനായിരുന്നു കേരളത്തിൻ്റെ ശുപാർശ. എന്നാല്‍ വായ്പാ ബാധ്യതയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർപ്പറിയിക്കുകയായിരുന്നു. നിലവിൽ 3.2 ലക്ഷം കോടിയാണ് കേരളത്തിന്‍റെ പൊതുകടം. കെ റെയിൽ പദ്ധതിക്കായി എസ്റ്റിമേറ്റ് വർധനകൂടി കണക്കിലെടുക്കുമ്പോൾ അരലക്ഷം കോടിയോളം കടമെടുക്കേണ്ടി വരുന്നത് വലിയ തലവേദനയാകും കേരളത്തിന്. 

 
click me!