തമിഴ്നാടിന് കാവേരിയില്‍ നിന്നും അധികജലം കിട്ടില്ല: കുടിവെള്ളം വാഗ്ദാനം ചെയ്ത് കേരളം

By Web TeamFirst Published Jun 20, 2019, 6:26 PM IST
Highlights

തിരുവനന്തപുരത്തും നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാം എന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസ് തമിഴ് നാടിനെ അറിയിച്ചെങ്കിലും അവര്‍ ഈ വാഗ്ദാനം നിരസിച്ചു. 

ചെന്നൈ: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് സഹായഹസ്തവുമായി കേരളം. തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു. എന്നാല്‍ കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മറുപടി നല്‍കി. 

തിരുവനന്തപുരത്തും നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്‍റെ സഹായ വാഗ്ദാനം.

അതേസമയം കാവേരിയില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ് നാടിന് നല്‍കാനാവില്ലെന്ന് ഇന്ന് ചേര്‍ന്ന കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ കർണാടകത്തിലെ അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമില്ലെന്നു വിലയിരുത്തിയാണ് തമിഴ്നാടിന്‍റെ തീരുമാനം.

 കൊടും വരൾച്ചയുടെ പശ്ചാത്തലത്തിൽ തമിഴ്നാടിന് അധികജലം നൽകാന്‍ കാവേരി വാട്ടര്‍ റെലുഗേഷന്‍ കമ്മിറ്റി തീരുമാനിക്കും എന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തല്‍സ്ഥിതി തുടരാനാണ് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി തീരുമാനം. അതേസമയം കടുത്ത വരള്‍ച്ച തുടരുന്ന ചെന്നൈയില്‍ ഇന്ന് മഴ പെയ്തത് ജനങ്ങള്‍ക്ക് ആശ്വാസമായി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്യുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

click me!