Kerala Rains | മഴ മുന്നറിയിപ്പ്: പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

By Web TeamFirst Published Oct 19, 2021, 1:28 PM IST
Highlights

 ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്.

പാലക്കാട്: വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് (rain) സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാട് (palakkad) ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള (palakkad tourist places) പ്രവേശനം ഒക്ടോബർ 25 വരെ  നിർത്തിവച്ചു. ഇന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതി ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. പാലാക്കാടിന് ഒപ്പം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.  ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  

click me!